
ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകള്‍ തകർന്നു. കോടികള്‍ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തില്‍ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടണ്‍ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയ മൈതാനത്തിനു സമീപത്തെ റോഡിലാണ് അപകടം.
ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന അശ്വിൻ ദീപക്, സൂരജ്, സച്ചിൻ, അനഘ എന്നിവർക്കാണ് പരിക്കേറ്റത്. നെട്ടൂരിലെ ഷോറൂമില്‍നിന്ന് വില്ലിങ്ടൻ ഐലൻഡിലെ റോഡില്‍ ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊണ്ടുവന്ന മെഴ്സിഡൻസ് ബെൻസ് കാറുകളാണ് കൂട്ടിയിടിച്ചത്. വാത്തുരുത്തി റെയില്‍വേ ഗേറ്റിന് സമീപം നോർത്ത് ഐലൻഡ് ഭാഗത്തേക്ക് യുവതി ഓടിച്ചുവന്ന കാർ കെ.വി സ്കൂളിന് സമീപം റെയില്‍വേ ക്രോസില്‍ എത്തിയപ്പോള്‍ റോഡരികില്‍ കിടന്ന മറ്റൊരു കാറിനെ ഇടിച്ചശേഷമാണ് വീണ്ടും മുന്നോട്ട് നീങ്ങി ടെസ്റ്റ് ഡ്രൈവിങ് നടത്തിയിരുന്ന രണ്ടാമത്തെ ബെൻസില്‍ ഇടിച്ചത്.