
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മലയാളി ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുമ്ബാശ്ശേരി മേക്കാട് കാരയ്ക്കാട്ടുകുന്ന് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസ്(41) ആണ് കൊല്ലപ്പെട്ടത്. ഹൈവേ കവർച്ചാസംഘത്തിന്റെ ആക്രമണത്തില്‍ നെഞ്ചില്‍ കുത്തേറ്റാണ് ഏലിയാസ് മരണപ്പെട്ടതെന്നാണ് നാട്ടില്‍ ലഭിച്ചവിവരം.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാമക്കല്‍ ട്രാൻസ്പോർട്ട് കമ്ബനിയിലെ ഡ്രൈവറാണ് ഏലിയാസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് ഇലക്‌ട്രോണിക്സ് സാധനങ്ങളാണ് ലോറിയില്‍ കൊണ്ടുപോയിരുന്നത്. തിരികെ മടങ്ങുന്നതിനിടെ കൃഷ്ണഗിരി ഹൈവേയില്‍ ശരവണഭവൻ ഹോട്ടലിന് സമീപത്തുവെച്ചാണ് ഏലിയാസിന് നേരേ ആക്രമണമുണ്ടായതെന്നാണ് വിവരം.