EducationFlashHealthKeralaNews

നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമില്ല: സംസ്ഥാനത്ത് 24 കോളേജുകളിലെ വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം തടഞ്ഞു; ഭൂരിപക്ഷവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളും; വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ.

സംസ്ഥാനത്തെ 24 നഴ്സിങ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എസ്സി. നഴ്സിങ് ഫലം കേരള ആരോഗ്യശാസ്ത്ര സർവകലാശാല തടഞ്ഞുവെച്ചു. 2023-24 അധ്യയന വർഷം തുടങ്ങിയതും സീറ്റ് വർധന നടപ്പാക്കിയവയുമുള്‍പ്പെടെയുള്ള കോളേജുകളിലെ 1500-ഓളം വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. പുതിയ കോളേജുകള്‍ക്കും സീറ്റ് കൂട്ടിയതിനും ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്റെ (ഐ.എൻ.സി.) അംഗീകാരമില്ലാത്തതാണ് നടപടിക്ക് കാരണം.

ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്സി. നഴ്സിങ് പരീക്ഷയുടെ ഫലം ഇത്തവണ പതിവിലും വൈകി ജൂലായ് 17-നാണ് ആരോഗ്യശാസ്ത്ര സർവകലാശാല പ്രസിദ്ധീകരിച്ചത്. സാധാരണ പരീക്ഷ നടന്ന് രണ്ടുമാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഇത് പുറത്തുവന്നപ്പോഴാണ് ഇത്രയും വിദ്യാർഥികളുടെ ഫലം തടഞ്ഞവിവരമറിയുന്നത്. ഏറെയും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പുതിയ നഴ്സിങ് കോളേജിന് ആരോഗ്യശാസ്ത്ര സർവകലാശാല അഫിലിയേഷൻ നല്‍കണമെങ്കില്‍ സംസ്ഥാന സർക്കാരിന്റെ നിരാക്ഷേപപത്രവും ഇന്ത്യൻ നഴ്സിങ് കൗണ്‍സില്‍, കേരള നഴ്സിങ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരവും വേണം. നിലവിലുള്ള കോളേജുകളില്‍ സീറ്റ് കൂട്ടുന്നതിനും ഇത് ആവശ്യമാണ്. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ഐ.എൻ.സി.യുടെ അംഗീകാരമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ആരോഗ്യശാസ്ത്ര സർവകലാശാല ഈ കോളേജുകള്‍ക്ക് താത്കാലികാനുമതി നല്‍കിയത്. വൈകാതെ ഐ.എൻ.സി. അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിർദേശം നല്‍കിയിരുന്നു. കോളേജുകള്‍ ഇത് പാലിക്കാത്തതിനെത്തുടർന്നാണിപ്പോള്‍ ഫലം തടഞ്ഞുവെച്ചത്.

വിനയായത് തിടുക്കം: ആവശ്യമായ അംഗീകാരങ്ങള്‍ നേടാതെയും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാതെയും പുതിയ കോളേജുകള്‍ തുടങ്ങാൻ സർക്കാർ കാണിച്ച തിടുക്കമാണിപ്പോള്‍ പ്രശ്നമായത്. അധ്യയനവർഷം പകുതിയായപ്പോഴാണ് കഴിഞ്ഞ വർഷം പുതിയ കോളേജുകള്‍ തുടങ്ങാൻ സർക്കാർ പ്രാരംഭ നടപടി തുടങ്ങിയത്. ചില സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചും ഇതിനായി അനുകൂല ഉത്തരവ് നേടി.

ഐ.എൻ.സി. പിന്നീട് ചില കോളേജുകളില്‍ പരിശോധന നടത്തിയെങ്കിലും 2024-25 വർഷത്തെ അംഗീകാരമാണ് നല്‍കിയത്. 2023-24 വർഷത്തെ അംഗീകാരം ഇനി എങ്ങനെ ലഭിക്കുമെന്നും വ്യക്തമല്ല. അംഗീകാരമില്ലാതെ കോളേജുകള്‍ തുടങ്ങുന്നതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് വിദ്യാർഥികളാണെന്ന് ഒരു മുതിർന്ന ഐ.എൻ.സി. അംഗം പറഞ്ഞു.ഇത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും ജോലിസാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കും. 2022-ല്‍ ഐ.എൻ.സി. അംഗീകാരത്തോടെയാണ് സർക്കാർ മഞ്ചേരിയിലും കൊല്ലത്തും നഴ്സിങ് കോളേജുകള്‍ തുടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button