
സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആവശ്യപ്പെടാൻ കേരള കോണ്‍ഗ്രസ് എമ്മില്‍ ധാരണ. ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് പാർട്ടി തീരുമാനം എടുത്തിരിക്കുന്നത്. ഇന്ന് ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ വിഷയത്തിൽ അടിയറവ് പറയേണ്ടി വന്നാൽ കേരള കോൺഗ്രസ് പാർട്ടി തന്നെ അപഹാസ്യം ആവുകയും ഇടതുമുന്നണി ബന്ധം സ്വന്തം അണികൾ തന്നെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യും എന്ന പൊതു വികാരമാണ് കേരള കോൺഗ്രസിനുള്ളിൽ ഉള്ളത്.
കോട്ടയത്ത് പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും സിപിഐയുടെയും ആത്മാർത്ഥതയെ ചില നേതാക്കൾ യോഗത്തിൽ ചോദ്യം ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് . ബിഡിജെഎസിലേക്കുള്ള വോട്ട് ചോർച്ച തടയാൻ സിപിഎം സിപിഐ നേതാക്കളുടെ കാര്യക്ഷമമായ ഇടപെടാൻ ഉണ്ടായിട്ടില്ല എന്നും ഇവർ ചൂണ്ടിക്കാട്ടിയെന്നും സർക്കാരിനോടും മുഖ്യമന്ത്രിയോടും ഉള്ള ജനങ്ങളുടെ അനിഷ്ടം കോട്ടയത്ത് ചാഴിക്കാടന്റെ സാധ്യതകളെ ബാധിച്ചു എന്ന വാദം ചില നേതാക്കൾ ഉയർത്തി എന്നും ആണ് സൂചനകൾ. ഇടതുബന്ധത്തിൽ അണികൾക്കുള്ള അതൃപ്ത്തി നേതൃത്വത്തെ അറിയിക്കുക എന്നതാണ് ഈ വിഭാഗം ലക്ഷ്യമിട്ടത് എന്ന് സൂചനയാണ് ലഭിക്കുന്നത്.