ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കഴിഞ്ഞാഴ്ച വ്യോമസേന വാഹന വ്യൂഹത്തിന് നേരേ ഉണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നുഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സിസി ടിവി ഫുട്ടേജില്‍ നിന്നുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത്. ഇവരുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിച്ചു. ആക്രമണത്തില്‍ കോപറല്‍ വിക്കി പഹാഡെ വീരമൃത്യു വരിക്കുകയും, നാല് സഹപ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മൂന്നുഭീകരരും അത്യാധുനിക യുഎസ് നിർമ്മിത എം 4 കളും, റഷ്യൻ നിർമ്മിത എകെ 47 നുകളുമാണ് ആക്രമണത്തിന് ഉപയേഗിച്ചത്. കഴിഞ്ഞ വർഷം നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായ മേഖലയില്‍ ഈ വർഷം ഉണ്ടായ ആദ്യത്തെ വലിയ ഭീകരാക്രമണം ആയിരുന്നു കഴിഞ്ഞാഴ്ചത്തേത്. മുൻ പാക്കിസ്ഥാനി കമാൻഡോ ആയ ഇല്യാസ്, പാക്ഭീകരവാദി ഹാദുണ്‍, നിരോധിത സംഘടനയായ ലഷ്‌കറി തായ്ബയുടെ വിദേശ ഭീകരനായ അബു ഹംസ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജമ്മു-കശ്മീർ പൊലീസ് തയ്യാറാക്കിയ രേഖാചിത്ര പ്രകാരം അബു ഹംസ 30-32 വയസ് പ്രായമുള്ള ശരാശരി ഉയരവും വണ്ണവുമുള്ള മുടി പറ്റേ വെട്ടിയ വെളുത്ത നിറക്കാരനാണ്. പഠാണി സ്യൂട്ടും തവിട്ടുനിറമുള്ള ഷാളും, ധരിച്ച്‌ ഓറഞ്ച് ബാഗുമേന്തിയാണ് ഇയാളെ ഒടുവില്‍ കണ്ടത്. ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സർക്കാർ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലും അബു ഹംസയാണെന്ന വിവരം കിട്ടിയിരുന്നു. താനമാണ്ടി പ്രദേശത്തെ കുണ്ട ടോപ്പ് വില്ലേജില്‍ മുഹമ്മദ് റസാഖ് (40) എന്നയാളെയാണ് കഴിഞ്ഞ മാസം വകവരുത്തിയത്. ഇയാളുടെ സഹോദരൻ മുഹമ്മദ് താഹിർ ചൗധരി ടെറിട്ടോറിയല്‍ ആർമിയില്‍ സൈനികനായിരുന്നു. ഗ്രാമത്തിലെ ഒരു ടെറിട്ടോറിയല്‍ ആർമി ഉദ്യോഗസ്ഥന്റെ വളപ്പിലേക്ക് ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരർ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ചൗധരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റസാക്കിനെ വകവരുത്തിയ ഭീകരരും യുഎസ് നിർമ്മിത എം 4 റൈഫിളാണ് ഉപയോഗിച്ചത്.

അബു ഹംസ ഷദ്ര ഷെരീഫ്, ദേർ കി ഗലി പ്രദേശങ്ങളില്‍ പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി തീവ്രവാദ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വിവരം നല്‍കുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക