എറണാകുളം പനമ്ബള്ളി നഗറിലെ വിദ്യാനഗർ റോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശിക എന്ന അപ്പാർട്ട്മെന്‍റിലെ ഒരു കുളിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി.ബിസിനസുകാരനായ അഭയ് കുമാർ, ഭാര്യ, മകള്‍ എന്നിവരാണ് ഈ അപ്പാർട്ട്മെന്‍റിലുണ്ടായിരുന്നത്.
ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മകള്‍ ഗർഭിണിയായിരുന്നതായി മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നെന്നാണ് വിവരം. മകള്‍ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നാണ് പ്രാഥമികമായ വിവരം. ജനിച്ച ഉടനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം താഴേയ്ക്ക് എറിയുകയായിരുന്നെന്നാണ് വിവരം.
കുഞ്ഞിനെ കൊറിയർ വാങ്ങിയ ആമസോണ്‍ കവറിലാണ് വലിച്ചെറിഞ്ഞത്. ഈ കവർ രക്തത്തില്‍ കുതിർന്ന നിലയിലായിരുന്നു. ഇതിലെ ബാർകോഡ് സ്കാൻ ചെയ്താണ് പൊലീസ് 5C എന്ന അപ്പാർട്ട് മെന്‍റിലേക്ക് എത്തുന്നത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയില്‍ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.