ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ 25ന് മുന്‍പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് എറണാകുളം – അങ്കമാലി അതിരൂപത വിമതര്‍ക്ക് സീറോ – മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ മുന്നറിയിപ്പ്. ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും അവസാനിപ്പിക്കണം. ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ വിട്ടുവീഴ്ച ഇല്ല. ഇനി മുന്നറിയിപ്പില്ലെന്നും അച്ചടക്ക നടപടി മാത്രമെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് വ്യക്തമാക്കുന്നു. മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു.

എന്നാല്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ കത്ത് കൈപ്പറ്റാന്‍ വൈദികര്‍ തയ്യാറായില്ല. സീറോ – മലബാര്‍ സഭയുടെ ലെറ്റര്‍ ഹെഡിലല്ല മേജര്‍ ആര്‍ച്ച്‌ബിഷപ്പ് അന്ത്യശാസനം നല്‍കിയതെന്നാണ് ഇവര്‍ പറയുന്ന ന്യായം.അഡ്മിനിസ്‌ട്രേറ്ററുടെയും പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെയും ഭരണത്തിലിരിക്കുന്ന അതിരൂപതയുടെ ലെറ്റര്‍ ഹെഡിലാണ് മേജര്‍ ആര്‍ച്ച്‌ബിഷപ്പ് വൈദികര്‍ക്ക് കല്‍പ്പന നല്‍കിയത്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ കല്‍പന അംഗീകരിക്കില്ലന്ന് നേരത്തെതന്നെ വിമതര്‍ വ്യക്തമാക്കിയിരുന്നു. പിളര്‍ന്ന് മാറി പുതിയ സഭ സ്ഥാപിക്കാനും ഇവര്‍ തയ്യാറെടുക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ വിമതര്‍ക്കെതിരെ വത്തിക്കാന്‍ അച്ചടക്ക നടപടി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 50 വൈദികര്‍ക്കെതിരെ നടപടിയെന്നാണ് സൂചന. കൂദാശ വിലക്ക് അടക്കം ഇവര്‍ക്കെതിരെ ഉണ്ടായേക്കും. ഇവര്‍ക്കെതിരായ നടപടിയോടുള്ള പ്രതികരണം കണക്കാക്കിയാവും മറ്റ് വൈദികര്‍ക്കെതിരായ നടപടിയെന്നും സീറോ – മലബാര്‍ സഭാ നേതൃത്വത്തെ വത്തിക്കാന്‍ അറിയിച്ചു.

എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് പുതിയ മെത്രാനെ ഉടന്‍ പ്രഖ്യാപിക്കില്ല. അതിരൂപതയിലെ നിലവിലെ വൈദികരാരും ആ സ്ഥാനത്തിന് യോഗ്യരല്ലെന്നാണ് വത്തിക്കാന്റെ വിലയിരുത്തല്‍. എന്നാല്‍ അനന്തമായി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം തുടരുന്നത് വിപരീത ഫലം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സന്ന്യാസ സമൂഹത്തിലെ അംഗത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എന്നാല്‍ അച്ചടക്ക നടപടിയടക്കം കടുത്ത നടപടിയിലൂടെ കടന്നു പോകുമ്ബോള്‍ അതിരൂപത അംഗമായ ഒരാള്‍ ആ പദവിയില്‍ വരുന്നതാണ് നല്ലതെന്ന് സിനഡ് വത്തിക്കാനെ അറിയിച്ചിട്ടുണ്ട്.അങ്ങനെയെങ്കില്‍ കത്തോലിക്ക സഭയുടെ പൊതു വേദിയില്‍ പ്രവര്‍ത്തിക്കുന്ന അതിരൂപതയിലെ മുതിര്‍ന്ന വൈദികനെ മെത്രാന്‍ സ്ഥാനത്തേക്ക് പരിഗണിക്കും. ഒപ്പം കൂരിയായും പുനഃസംഘടിപ്പിക്കും. നിലവില്‍ സിനഡിനോട് കൂറുപുലര്‍ത്തുന്ന 15 വൈദികരാവും പുതിയ കൂരിയായില്‍ ഇടം പിടിക്കുക. നിലവിലെ കൂരിയായുടെ പേരില്‍ കടുത്ത അസംതൃപ്തിയാണ് വത്തിക്കാന്‍ രേഖപെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക