പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദർശിച്ചതിനെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്‍ മരിച്ചയാളുടെ വീട്ടില്‍ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.’മരിച്ച വീടുകളില്‍ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ അർഥം അവർ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല. മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാല്‍ മതി’, മുഖ്യമന്ത്രി പറഞ്ഞു.

ബോംബ് നിർമാണവും മറ്റും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിനെതിരെ നിയമപരമായ നടപടി എടുക്കുന്നുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങള്‍ കാണേണ്ടതില്ല. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനങ്ങളും നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തോട് ശത്രുതാ മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനുമുള്ളത്. അതിനെതിരെ ഒരു വികാരം സംസ്ഥാനത്ത് ഉയർന്നുവന്നിട്ടുണ്ട്. അതിനനുസൃതമായ ഒരു വിധിയായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുക. തിരഞ്ഞെടുപ്പ് പോരാട്ടമാകുമ്ബോള്‍ രാജ്യംനേരിടുന്ന പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സാധാരണ ചർച്ചചെയ്യുക. എന്നാല്‍, ഇവർ രണ്ട് കൂട്ടരും ഇത്തരംപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാരബുദ്ധിയുമാണ് സംസ്ഥാനത്ത് ഇന്നുള്ള സാമ്ബത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. അത് മറച്ചുവെക്കാനാണ് ഇവർക്ക് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കടമെടുത്ത് മുടിയുകയാണെന്ന് ബിജെപിയുടെ വാദംതന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്. രാജ്യവും കടമെടുക്കുന്നുണ്ട്, എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. 1957 മുതല്‍ കേരളത്തില്‍ നിലവില്‍വന്ന എല്ലാ സർക്കാരുകളും കടമെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്ബത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കടമെടുക്കേണ്ടതായി വരും. കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏതായാലും കേരളത്തെ കാണാൻ കഴിയില്ല.

പലരും ചിത്രീകരിക്കുന്നത് പോലെ നമ്മള്‍ കടക്കെണിയില്‍പ്പെട്ട ഒരു സംസ്ഥാനമല്ല.കേരള വികസന മാതൃക ലോകംപൊതുവെ അംഗീകരിച്ചിട്ടുണ്ട്. സാമൂഹ്യ വികസന സൂചികയില്‍ കേരളമാണ് മുന്നില്‍. ധനകാര്യ മിസ്മാനേജ്മെന്റ് എന്നാണ് കേന്ദ്ര ധനമന്ത്രിയടക്കം കേരളത്തെ ആക്ഷേപിക്കുന്നത്. അത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെ ഉയർത്തുന്ന വാദമാണ്. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ കേരളത്തിന് 24 അവാർഡുകളാണ് സമ്മാനിച്ചത്.

നാടിന്റെ അതിജീവിനത്തിന്റെയും വികസനത്തിന്റെയും പര്യായമായി കിഫ്ബി മാറി. ഇപ്പോള്‍ അതിന്റെ മുകളിലാണ് സർക്കാരിനുമേല്‍ കുതിര കയറാൻ ചിലർ മെനക്കെടുന്നത്. കേന്ദ്ര ഏജൻസികളുടെ റഡാറുകളും കിഫ്ബിയിലേക്ക് തിരിച്ചുവെച്ചിട്ടുണ്ട്. പക്ഷേ, എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. കിഫ്ബിയിലെ തീരുമാനങ്ങളെടുക്കുന്നത് തോമസ് ഐസക്കല്ല. പ്രൊഫഷണലുകളടങ്ങിയ ബോർഡാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കളി കളിച്ച്‌ നോക്കുകയാണ്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തില്‍ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്.

കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഏജൻസി പണി കോണ്‍ഗ്രസ് മതിയാക്കണം. കെജ്രിവാളിന്റെ അനുഭവം അവർക്കുള്ളതാണല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.തോമസ് ഐസക്കിനെയോ മറ്റുള്ളആരെയെങ്കിലുമോ ഒറ്റത്തിരിഞ്ഞ് അക്രമിച്ച്‌ വശംകെടുത്തി കളയാണെന്ന ചിന്തയുണ്ടെങ്കില്‍ അത് വേണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കിഫ്ബിയില്‍ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍, സുരേഷ് ഗോപി തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്താകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക