ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ് 24 ന്യൂസ് റിപ്പോർട്ട് സർവ്വേ ഫലങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും അധികം സാമ്പിളുകളെ കണക്കിലെടുത്ത സർവേയാണ് ഇത് എന്ന് അവകാശവാദവും ഇവർ മുന്നോട്ടുവയ്ക്കുന്നു.

ഇന്ന് (ഏപ്രിൽ 7 ഞായറാഴ്ച) സർവ്വേ ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ആദ്യദിനത്തിൽ നാല് പാർലമെന്റ് മണ്ഡലങ്ങളുടെ സർവ്വേ ഫലം ആണ് 24 ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. ആറ്റിങ്ങൽ, ആലപ്പുഴ, വടകര, പൊന്നാനി എന്നീ നിയോജകമണ്ഡലങ്ങളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ആലപ്പുഴയിലും പൊന്നാനിയിലും യുഡിഎഫ് വിജയിക്കുമെന്നും, ആറ്റിങ്ങലിലും വടകരയിലും എൽഡിഎഫ് വിജയിക്കും എന്നുമാണ് 24 നടത്തിയിരിക്കുന്ന പ്രീപോൾ സർവ്വേ ഫലം. ഓരോ മണ്ഡലങ്ങളുടെയും വിശദമായ കണക്കുകൾ ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. ആലപ്പുഴ: ആലപ്പുഴയിൽ കടുത്ത മത്സരമാണ് നടക്കുന്നതെങ്കിലും കെ സി വേണുഗോപാൽ വിജയിക്കുമെന്നാണ് 24 സർവ്വേ ഫലം പ്രവചിക്കുന്നത്. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കേരളത്തിൽ വിജയിക്കാനായി ഏക മണ്ഡലം ആണ് ആലപ്പുഴ. ഇവിടെ സിറ്റിംഗ് എംപി എ എം ആരിഫ് പരാജയപ്പെടും എന്ന് പ്രവചിക്കുന്നു. ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന ശോഭാ സുരേന്ദ്രൻ ഇവിടെ വലിയ രീതിയിൽ വോട്ട് ഷെയർ ഉയർത്തും എന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു. യുഡിഎഫ്: 41.2% എൽഡിഎഫ്: 39.7%, ബിജെപി: 18%

2. വടകര: രണ്ട് സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്ന മണ്ഡലം എന്ന നിലയിലാണ് വടകര കൂടുതൽ ശ്രദ്ധേയമാകുന്നത്. യുഡിഎഫിലെയും കോൺഗ്രസിലെയും ഏറ്റവും ശ്രദ്ധേയനായ യുവ നേതാവ് ഷാഫി പറമ്പിലും, ഇടതുമുന്നണിയിൽ ഏറ്റവും ജനകീയതയും സ്വീകാര്യതയും ഉള്ള ആരോഗ്യവകുപ്പ് മുൻ മന്ത്രി കെ കെ ശൈലജയും തമ്മിലാണ് വടകരയിൽ പോര്. എൻഡിഎ സ്ഥാനാർഥിയായി രംഗത്തുള്ളത് പ്രഭുൽ കൃഷ്ണയാണ്. വടകരയിൽ യുഡിഎഫ് എൽഡിഎഫ് വിജയിച്ചാൽ കേരള നിയമസഭയിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമാകും. സർവ്വേ ഫലം അനുസരിച്ച് കെ കെ ശൈലജ സിപിഎമ്മിനും ഇടതുമുന്നണിയും വേണ്ടി വടകര തിരിച്ചുപിടിക്കും. എൽഡിഎഫ്: 45.5%, യുഡിഎഫ്: 42.9%, ബിജെപി: 9.9%.

3. ആറ്റിങ്ങൽ: കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംപി അടൂർ പ്രകാശും, എൽഡിഎഫിന് വേണ്ടി വർക്കല എംഎൽഎ വി. ജോയിയും, എൻഡിഎയ്ക്കുവേണ്ടി കേന്ദ്രമന്ത്രി വി മുരളീധരനുമാണ് മത്സരരംഗത്ത് ഉള്ളത്. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ. എൽഡിഎഫ് കുത്തകയായിരുന്ന മണ്ഡലം കഴിഞ്ഞതവണ അടൂർ പ്രകാശ് അട്ടിമറിയിലൂടെ പിടിച്ചെടുക്കുകയായിരുന്നു. രണ്ടുതവണ എംപിയായിരുന്ന എ സമ്പത്തിനെയാണ് അടൂർ പ്രകാശ് 2019ൽ പരാജയപ്പെടുത്തിയത്. ബിജെപിക്ക് വേണ്ടി കഴിഞ്ഞ തവണ ശോഭാസുരേന്ദ്രൻ വലിയ തോതിൽ വോട്ട് ഷെയർ ഉയർത്തിയ മണ്ഡലം കൂടിയാണ് ആറ്റിങ്ങൽ. ഇത്തവണ വി ജോയിയിലൂടെ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിക്കും എന്നാണ് 24 സർവ്വേ ഫലം. എൽഡിഎഫ്: 37.2% യുഡിഎഫ്: 38.9%, ബിജെപി: 23.3%.

4. പൊന്നാനി: ലീഗിന്റെ പൊന്നാപുരംകോട്ട പൊന്നാനിയില്‍ യുഡിഎഫിന്റെ അബ്ദുസ്സമദ് സമദാനി തന്നെ വിജയക്കൊടി പാറിക്കുമെന്ന് ട്വന്റിഫോറിന്റെ മെഗാ പ്രീ പോള്‍ സർവേ ഫലം. യുഡിഎഫിനു വേണ്ടി അബ്ദുസമദ് സമദാനി, എൽഡിഎഫിന് വേണ്ടി കെ എസ് ഹംസ, എൻഡിഎയ്ക്ക് വേണ്ടി നിവേദിത എന്നിവരാണ് മത്സരിക്കുന്നത്. മൃഗീയ ഭൂരിപക്ഷമാണ് പൊന്നാനിയിൽ യുഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്. യുഡിഎഫ്: 48.1 % എൽഡിഎഫ്: 39.7%, ബിജെപി: 8.3%

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക