ലോക്സഭയിലേക്ക് മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ഏറ്റവും സമ്ബന്നനായ സ്ഥാനാർത്ഥിയായി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) നേതാവ് ആത്രാല്‍ അശോക് കുമാർ. ഈറോഡ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രികയും സ്വത്ത് വിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലവും അദ്ദേഹം തിങ്കളാഴ്ച സമർപ്പിച്ചു. 54 കാരനായ അശോക് കുമാറിന് ആകെ 653 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളാണുള്ളത്.

ഈറോഡിലെ പുതുപാളയം സ്വദേശിയായ അശോകിന് 583 കോടി രൂപയുടെ സ്വത്തുക്കളും ഭാര്യയായ കരുണാംബികയ്ക്ക് 70 കോടി രൂപയുടെ സ്വത്തുക്കളുമാണുള്ളത്. ഇതില്‍ 526.53 കോടിയാണ് അശോകിന്റെ ജംഗമ സ്വത്തുക്കളുടെ മൂല്യം. 47.38 കോടിയുടെ മൂല്യമാണ് കരുണാംബികയുടെ ജംഗമ സ്വത്തുക്കള്‍ക്കുള്ളത്. 56.95 കോടിയുടെ സ്ഥാവര സ്വത്തുക്കള്‍ അദ്ദേഹത്തിനും 22.60 കോടിയുടെ സ്ഥാവര സ്വത്തുക്കള്‍ ഭാര്യയ്ക്കുമുള്ളതായി സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അശോകിന്റെ കയ്യില്‍ 10 ലക്ഷം രൂപയും അഞ്ച് കോടി രൂപ വിലമതിക്കുന്ന 10.1 കിലോഗ്രാം സ്വർണവും ഭാര്യയുടെ കയ്യില്‍ അഞ്ച് ലക്ഷം രൂപയും 5.5 കോടി രൂപ വിലമതിക്കുന്ന 10.6 കിലോഗ്രാം സ്വർണവും ഉള്ളതായി അശോക് കുമാർ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തി. ഒരു സ്വകാര്യ ബാങ്കില്‍ 12 ലക്ഷത്തിന്റെ ഭവന വായ്പയും അശോകിന്റെ പേരിലുണ്ട്. ദമ്ബതികളുടെ പേരില്‍ സ്വന്തമായി മോട്ടോർ വാഹനങ്ങള്‍ ഒന്നും ഇല്ല.

ബിസിനസ്സില്‍ നിന്നും മറ്റുമാണ് അശോകിന്റെ പ്രധാന വരുമാന സ്ലോതസ്സ്. അശോക് കുമാറിന്റെ ജംഗമ വസ്തുക്കളില്‍ ഭൂരിഭാഗവും നിക്ഷേപങ്ങളും ഓഹരികളുമാണ്. അദ്ദേഹത്തിന്റെ സ്ഥാവര വസ്തുക്കളില്‍ ഏറെയും കോയമ്ബത്തൂർ, ഈറോഡ്, കങ്കേയം, കുമാരപാളയം, ധാരാപുരം, ദിണ്ടിഗല്‍ എന്നിവിടങ്ങളിലാണ്. പ്രമുഖ ആർക്കിടെക്‌ട് ആയ ഭാര്യക്ക് ചെയ്യുന്ന ജോലിയില്‍ നിന്നും വരുമാനം ലഭിക്കുന്നു. ഇന്ത്യൻ പബ്ലിക് സ്‌കൂളിന്റെയും ആത്രാല്‍ ഫൗണ്ടേഷന്റെയും സ്ഥാപകനും ഡയറക്ടറുമാണ് അശോക് കുമാർ.

കോയമ്ബത്തൂരില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും തുടർന്ന് അമേരിക്കയില്‍ നിന്നും എംഎസും, എംബിഎയും പൂർത്തിയാക്കിയ അശോക് കുമാർ 1992 മുതല്‍ 2005 വരെ മള്‍ട്ടിനാഷണല്‍ കമ്ബനികളില്‍ ജോലി ചെയ്തിരുന്നു. അച്ഛനായ കെ ആർ അറുമുഖം പ്രൊഫസറായിരുന്നു. എഐഎഡിഎംകെയില്‍ നിന്നുള്ള മുൻ തിരുച്ചെങ്കോട് എംപിയായ കെഎസ് സൗന്ദരമാണ് അശോകിന്റെ അമ്മ. അദ്ദേഹത്തിന്റെ ഭാര്യാമാതാവായ സികെ സരസ്വതി മൊടക്കുറിച്ചി മണ്ഡലത്തിലെ ബിജെപി എംഎല്‍എയുമാണ്.

304.92 കോടിയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ ബിജെപിയുടെ ശിവഗംഗ സ്ഥാനാർത്ഥി ദേവനാഥൻ യാദവാണ് മറ്റൊരു സമ്ബന്നനായ സ്ഥാനാർത്ഥി. തനിക്ക് 149.27 കോടിയുടെയും ഭാര്യയ്ക്ക് 25 കോടിയുടെയും രണ്ട് പെണ്‍മക്കള്‍ക്ക് 39.6 കോടിയുടെ വീതവും ജംഗമ സ്വത്തുക്കളുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഒപ്പം അദ്ദേഹത്തിന് 37.30 കോടിയുടെയും ഭാര്യയ്ക്ക് 12.9 കോടിയുടെയും മക്കള്‍ക്ക് ഇരുവർക്കും 50 ലക്ഷം വീതവും മൂല്യമുള്ള സ്ഥാവര സ്വത്തുക്കള്‍ ഉള്ളതായും അദ്ദേഹം വെളിപ്പെടുത്തി. ടെലിവിഷൻ ചാനലായ വിൻ ടിവിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് യാദവ്.

ന്യൂ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാപകനും വെല്ലൂർ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപിയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന എസി ഷണ്‍മുഖമാണ് മറ്റൊരു സമ്ബന്ന സ്ഥാനാർത്ഥി. 150 കോടിയിലധികം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ തനിക്കുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. രാജരാജേശ്വരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, എസിഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഷണ്‍മുഖത്തിനും ഭാര്യ ലളിത ലക്ഷ്മിക്കും ആകെ 152.77 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഉള്ളതായാണ് വിവരം. ഷണ്‍മുഖത്തിന് 36.48 കോടി രൂപ മൂല്യമുള്ള ജംഗമ സ്വത്തുക്കളും ഭാര്യയ്ക്ക് 37.41 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക