എല്‍ഡിഎഫിന്റെ ലോക്‌സഭ സ്ഥാനാർഥിയായ നടൻ എം മുകേഷിന് 14.98 കോടിയുടെ സ്വത്ത്. താരത്തിന്റെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. അദ്ദേഹത്തിന്റെ കൈവശം 50,000 രൂപയുമുണ്ട് എന്നാണു ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ പങ്കുവച്ച വിവരങ്ങള്‍.
വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉള്‍പ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്.
എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത്. തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കല്‍, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്.2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കവേ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ നടൻ 10.22 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.