ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു.

13,38,909 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത് . സ്വന്തമായി വീടോ വസ്തുവോ അദ്ദേഹത്തിനില്ല. സ്വന്തമായി 9,60,000 രൂപ മതിപ്പ് വിലയുള്ള 20,000 പുസ്തകങ്ങള്‍ അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരത്തെ അനിയന്റെ വീട്ടിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. കെ എസ് എഫ് ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ 1,31,725 രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ട്. അവിടെ തന്നെ ഒരു ചിട്ടിയും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരത്ത് ട്രഷറി സേവിങ്സ് ബാങ്കില്‍ ആറായിരം രൂപയും പെന്‍ഷനേഴ്സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്ബിഐ എസ്ബി അക്കൗണ്ടില്‍ 39,000 രൂപയും കെ എസ് എഫ് ഇയുടെ സ്റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും ഇതേ ബ്രാഞ്ചില്‍ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച്‌ 31, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്‌ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്.

സത്യവാങ്മൂലം ആര്‍ക്കും പരിശോധിക്കാം: ജില്ലാ കളക്ടര്‍‌ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലവും മറ്റ് അനുബന്ധവിവരങ്ങളും ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാണെന്ന് ജില്ലാ കളക്ടറും വരണാധികാരിയുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. അഫിഡവിറ്റ് പോര്‍ട്ടല്‍ മുഖേനയാണ് പൊതുജനങ്ങള്‍ക്കായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ ഡാറ്റ അപ്ലോഡ് ചെയ്യും. ഇതോടെ ഫോട്ടോയും സത്യവാങ്മൂലവും അടങ്ങിയ സമ്ബൂര്‍ണ്ണ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ പോര്‍ട്ടലില്‍ ദൃശ്യമാകും. ജനങ്ങള്‍ക്ക് https://affidavit.eci.gov.in/ എന്ന വെബ്സൈറ്റിലൂടെ ഈ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക