വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ ഹാട്രിക് പോരാട്ടത്തോടെ ശ്രദ്ധേയമായ മണ്ഡലമാണ് ഇടുക്കി. യു ഡി എഫിനായി സിറ്റിംഗ് എം പി ഡീന്‍ കുര്യാക്കോസും എല്‍ ഡി എഫിനായി മുന്‍ എം പി ജോയ്‌സ് ജോര്‍ജുമാണ് മത്സരിക്കുന്നത്. എന്നാല്‍ ഇതിനോടൊപ്പം മറ്റൊരു കൗതുകം കൂടി ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന് ഇത്തവണയുണ്ട്.

ശക്തരായ രണ്ട് നേതാക്കര്‍ക്കെതിരെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുന്നത് ഒരു വനിതയാണ് എന്നത് മാത്രമല്ല അത്. മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും അഭിഭാഷകരാണ്. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് ഈ കൗതുകങ്ങള്‍ക്ക് കൂടി വേദിയൊരുങ്ങിയത്. ബി ഡി ജെ എസ് രണ്ടാം ഘട്ടത്തിലാണ് സംഗീതയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂരാണ് സ്വദേശമെങ്കിലും ഇടുക്കിയിലും തിരഞ്ഞെടുപ്പ് രംഗത്തും അന്യയല്ല സംഗീത. എസ് എന്‍ ഡി പി വനിതാ വിഭാഗത്തിന്റെ ഭാഗമായി ഇടുക്കി കേന്ദ്രീകരിച്ച്‌ 15 വര്‍ഷത്തോളമായി സംഗീത പ്രവര്‍ത്തിക്കുന്നുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ജനവിധി തേടിയ സംഗീത അതിനാലാണ് 2021 ല്‍ ഇടുക്കി നിയോജക മണ്ഡലത്തിലേക്കെത്തി മത്സരിച്ചതും.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 3.96 കോടി രൂപയാണ് സംഗീത വിശ്വനാഥന്റെ ആസ്തി. 2016 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇത് 3.78 കോടി രൂപയായിരുന്നു. 2016 ല്‍ 32 ലക്ഷമായിരുന്ന ബാധ്യത 2021 ല്‍ 24 ലക്ഷമായി കുറഞ്ഞിട്ടുണ്ട് എന്നും സംഗീത വിശ്വനാഥന്‍ തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ ബാങ്കുകളിലായി 1.50 ലക്ഷം രൂപയുടെ നിക്ഷേപമാണ് സംഗീതക്കും പങ്കാളിക്കും ആശ്രിതര്‍ക്കും കൂടിയുള്ളത്. പോസ്റ്റ് ഓഫീസ് സമ്ബാദ്യത്തിലും വിവിധ ഓഹരികളിലുമായി 1.66 ലക്ഷം രൂപയും ഉണ്ട്. തന്റെ പേരില്‍ 5 ലക്ഷം രൂപയുടെ റെനോള്‍ട്ട് ക്വിഡ് കാറും 15000 രൂപയുടെ ഹോണ്ട ആക്ടീവ സ്‌കൂട്ടറും നാല് ലക്ഷം രൂപയുടെ അശോക് ലെയ്‌ലാന്റ് ദോസ്തും ഉണ്ട് എന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്.തന്റെ പക്കലുള്ള 33 ലക്ഷത്തിന്റെ സ്വര്‍ണം അടക്കം കുടുംബത്തിന്റെ പക്കല്‍ 46.69 ലക്ഷത്തിന്റെ സ്വര്‍ണമുണ്ട്.

ഒരു കോടി രൂപ വിലയുള്ള കൃഷിയിടം തന്റേയും പങ്കാളിയുടേയും പേരിലുണ്ട് എന്നും 33 ലക്ഷത്തിന്റെ കാര്‍ഷികേതര ഭൂമി പങ്കാളിയുടെ പേരിലുണ്ട് എന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നു. പങ്കാളിയുടെ പേരില്‍ 85 ലക്ഷം രൂപയുടെ വാണിജ്യ കെട്ടിടവും ഉണ്ട് എന്നാണ് സംഗീത പറയുന്നത്.തന്റേയും ഭര്‍ത്താവിന്റേയും പേരില്‍ 50 ലക്ഷം രൂപയുടെ താമസയോഗ്യമായ കെട്ടിടം ഉണ്ട് എന്നും സംഗീത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് അഭിഭാഷക എന്ന നിലയിലും പങ്കാളിക്ക് ബിസിനസില്‍ നിന്നുമാണ് വരുമാനം ലഭിക്കുന്നത് എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക