എതിരാളികളെ ഇല്ലാതാക്കിയും എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കിയും രാജ്യത്ത് പുടിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍‌ വീണ്ടും പ്രസിഡന്‍റായി പുടിന്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഎസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തി. മൂന്നാം ലോക മഹായുദ്ധത്തിന് ലോകം ഒരു ചുവട് മാത്രം അകലെയാണെന്നായിരുന്നു പുടിന്‍റെ ഭീഷണി.

2022 ഫെബ്രുവരി 20 മുതല്‍ പ്രത്യേക സൈനിക നടപടി എന്ന പേരില്‍ റഷ്യ യുക്രൈനെതിരെ ആരംഭിച്ച യുദ്ധം ഇന്നും അവസാനമില്ലാതെ തുടരുകയാണ്. യുക്രൈന്‍റെ മണ്ണിലേക്ക് സൈന്യത്തെ വിന്യസിക്കാനാനുള്ള നാറ്റോ നീക്കത്തെ തുടര്‍ന്നാണ് പുടിന്‍റെ പുതിയ ഭീഷണി. പുടിന്‍, യുക്രൈന്‍ യുദ്ധത്തിനിടെ പല തവണ മൂന്നാം ലോക മഹായുദ്ധത്തിന്‍റെ സാധ്യതകളെ കുറിച്ച്‌ റഷ്യന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുക്രൈന്‍റെ മണ്ണില്‍ സൈന്യത്തെ വിന്യസിക്കാനുള്ള നാറ്റോയുടെ പുതിയ നീക്കങ്ങളെ കുറിച്ച്‌ മോസ്കോയ്ക്ക് നല്ല ധാരണയുണ്ടെന്നും അത്തരത്തിലുള്ള എന്തെങ്കിലുമൊരു നീക്കം മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാകുമെന്നും പുടിന്‍ ആവര്‍ത്തിച്ചു. നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ യുക്രൈന്‍റെ മണ്ണിലുണ്ടെന്നത് രഹസ്യമല്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അനുയായികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിന്‍ പറഞ്ഞു.

‘അവിടെ യുദ്ധഭൂമിയില്‍ ഞങ്ങള്‍ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ കേള്‍ക്കുന്നു. ഇതില്‍ നല്ലതായി ഒന്നുമില്ല. പ്രത്യേകിച്ചും അവര്‍ക്ക്. കാരണം, അവര്‍ അവിടെയും മരിച്ച്‌ വീഴുന്നു.’ പുടിന്‍ വിജയാഘോഷത്തിന് പിന്നാലെ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ആധുനിക ലോകത്ത് എന്തും സാധ്യമാണ്….. എന്നാല്‍, ഇത് ഒരു പൂര്‍ണ്ണ തോതിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള ചുവട് വയ്പ്പ് ആകമെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആര്‍ക്കും താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.’ പുടിന്‍ പറഞ്ഞതായി ഡിഎന്‍എ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക