കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളി ചെറുപ്പക്കാർ അനിയന്ത്രിതമായി ഒഴുകുന്നതാണ് ഏതാനും വർഷമായുള്ള ട്രെൻഡും ആശങ്കയും. ഇങ്ങനെ പോയാല്‍ കേരളം വൃദ്ധരെ കൊണ്ട് നിറയുന്ന ഒരു നാടാകാൻ ഏതാനും വർഷങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിഗമനം. പഠിക്കുന്ന വിഷയത്തിന് അനുസരിച്ചു ഉള്ള ജോലി കിട്ടാനില്ല, ഉള്ള ജോലിക്ക് വേണ്ടിയുള്ള സ്‌കില്‍ഡ് പഠനം നടക്കുന്നില്ല, പതിറ്റാണ്ടുകള്‍ മുൻപ് ക്രോഡീകരിച്ച വിഷയങ്ങള്‍ തന്നെ ഡിജിറ്റല്‍ യുഗത്തിലും പഠിക്കേണ്ടി വരുന്ന പതിനായിരങ്ങള്‍ പഠന ശേഷം ജോലി തേടി അലയേണ്ടി വരുന്ന സാഹചര്യം,

ഒടുവില്‍ എന്ത് പണിക്കും തയാറായി എങ്ങനെയും വിദേശത്തു എത്താൻ കിടപ്പാടം പോലും നഷ്ടമാക്കി ദശലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരുന്ന അവസ്ഥ, ഇത്തരത്തില്‍ അനേക കാരണങ്ങള്‍ കൂടി ചേർന്ന് കേരളത്തില്‍ നിന്നും ജീവിതം തേടി കടല്‍ കടക്കുന്നവരുടെ എണ്ണം അരലക്ഷം വരെ എത്തി തുടങ്ങിയതോടെയാണ് സംസ്ഥാന സർക്കാരിനും ഇതിലൊരു പ്രശനം ഉണ്ടെന്നു തോന്നി തുടങ്ങിയത്. ഈ കോലാഹലങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു കേരളത്തില്‍ നിന്നും ചെറുപ്പക്കാർ നാട് വിടുന്നത് നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്നും സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കാൻ നടപടി ഉണ്ടാകുമെന്നും പറഞ്ഞു രംഗത്ത് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശത്തു പഠിക്കാൻ അർഹത ഉള്ളവർ മാത്രമല്ല വിദേശ സ്വപ്നം മനസ്സില്‍ കണ്ടു കുടിയേറ്റത്തിനു തയാറാകുന്നവർ കൂടി പഠന വിസ സ്വന്തമാക്കാൻ തുടങ്ങിയതോടെയാണ് കേരളത്തില്‍ നിന്നും ചെറുപ്പക്കാരുടെ മലവെള്ളപ്പാച്ചില്‍ ആരംഭിച്ചത്. ഏകദേശ കണക്കില്‍ അരലക്ഷത്തോളം ചെറുപ്പക്കാർ യുകെയിലേക്ക് മാത്രം പഠന വിസയില്‍ നാട് വിടുമ്ബോള്‍ അവർക്കൊപ്പം കേരളത്തില്‍ നിന്നും 5000 കോടി രൂപയോളമാണ് വിദേശ സർവ്വകലാശാലകളുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. കാനഡ, ന്യുസിലാൻഡ്, ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടിയുള്ള പഠന വിസക്കാരുടെ കണക്കു എടുക്കുമ്ബോള്‍ ആയിരക്കണക്കിന് കോടി രൂപയുടെ ചോർച്ചയാണ് സംഭവിക്കുന്നത്.

ഏജൻസികളെ നിയന്ത്രിക്കും എന്ന് പറഞ്ഞു മേനി നടിക്കാൻ മന്ത്രിക്ക് എന്തവകാശം ? പല സ്വകാര്യ ഏജൻസികളും മാഫിയ ബന്ധവും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധവും ഒക്കെ നിലനിർത്തിയാണ് സർക്കാർ അംഗീകാരം പോലും ഇല്ലാതെ പ്രവർത്തിക്കുന്നത് എന്ന് ആക്ഷേപം ഉയർന്നപ്പോള്‍ ചെറുവിരല്‍ അനക്കാൻ തയ്യാറാകാതിരുന്ന സർക്കാർ ഇപ്പോള്‍ അനേകായിരങ്ങളുടെ പണവും ജീവിതവും ഇല്ലാതായിക്കഴിഞ്ഞ സാഹചര്യത്തില്‍ സ്വരമുയർത്തുന്നതും ആരുടെയൊക്കെ കണ്ണില്‍ വീണ്ടും പൊടിയിടാൻ ആണെന്ന ചോദ്യവും സ്വാഭാവികമായി ഉയരുന്നു.

പിന്നിൽ സാന്താ മോണിക്ക പോലുള്ള വമ്പൻമാരെ സഹായിക്കാനുള്ള നീക്കം?
മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകുന്നു എന്ന ആരോപണം നേരിടുന്ന സാന്ത മോണിക്ക എന്ന ഏജൻസിയാണ് വിദേശത്തേക്ക് ഏറ്റവും അധികം വിദ്യാർത്ഥികളെ കയറ്റി വിടുന്നത്. നൂറുകണക്കിന് കോടി രൂപയാണ് ഇവരുടെ പ്രതിവർഷ വരുമാനം. ഈ കമ്പനിയുടെ ഡയറക്ടർ ആയ യുവതിയെ ശ്രീനാരായണ സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയമിച്ചതിലും ആരോപണമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ കീശ നിറയ്ക്കുന്ന സാന്താ മോണിക്കാ പോലുള്ള വൻ സ്ഥാപനങ്ങൾക്ക് സഹായകരമാകാനും ചെറുകിടക്കാരെ കച്ചവടത്തിൽ നിന്ന് പുറത്താക്കാനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണ ബിൽ എന്ന സംശയവും ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക