കേരള രാഷ്ട്രീയത്തെ ആട്ടിയുലച്ച ബാർ കോഴക്കേസില്‍ ഏറ്റവുമധികം വിമർശനങ്ങള്‍ നേരിട്ട നേതാവായിരുന്നു മുൻ ധനമന്ത്രി കെ എം മാണി. സ്വന്തം പാർട്ടിയില്‍ നിന്നുപോലും പ്രതികൂലമായ സാഹചര്യം നേരിടേണ്ടി വന്ന മാണിക്ക് സിപിഎമ്മിന്റെ വിമർശനങ്ങള്‍ കനത്ത വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ കാലങ്ങള്‍ പിന്നിടുമ്ബോള്‍ അതേ സിപിഎമ്മിനൊപ്പം ഇടതു മുന്നണിയിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെഎം മാണി ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ മാണിയെ വേട്ടയാടിയ സിപിഎമ്മിനും ഇടതുമുന്നണിയും എതിരെയുള്ള പരാമർശങ്ങൾ ഉണ്ടാവില്ല എന്നുവേണം വിലയിരുത്താൻ. പകരം കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കുവാൻ പോന്നവണ്ണം കോൺഗ്രസ് നേതാക്കൾക്കെതിരെ കടന്നാക്രമണം ഉണ്ടാവുകയും ചെയ്യും.

ബാർ കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിർത്തി അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയുടെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. രമേശ് ചെന്നിത്തലയ്‌ക്കെതിരെയും കെ. ബാബുവിനെതിരെയുമുള്‍പ്പെടെ ഗുരുതര ആരോപണമുന്നയിക്കുന്ന ആത്മകഥ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ബാർ കോഴക്കേസ് വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവരുന്നതാണ് കേരള കോണ്‍ഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായ കെ.എം മാണിയുടെ ആത്മകഥ. മാണി മരിച്ച് അഞ്ചുവർഷങ്ങൾക്ക് ശേഷം ഒരു പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് കെഎം മാണിയുടെ ആത്മകഥ എന്ന പേരിൽ ഒരു പുസ്തകം ഇറങ്ങുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെയാവും ഇതിനുപിന്നിൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തുവരുന്ന വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ട് അനുസരിച്ച് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനം ആണെന്നാണ് അറിയാൻ കഴിയുന്നത്. ബാർ കോഴക്കേസില്‍ തനിക്കെതിരെ വിജിലൻസ് അന്വേഷണം വരാനുള്ള കാരണം രമേശ് ചെന്നിത്തല ആണെന്നാണ് ആത്മകഥയില്‍ കെ.എം മാണി ആരോപിക്കുന്നത്. അതിന് ആധാരമായി കെ.എം മാണി പറയുന്നത് ഇപ്രകാരം- രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചു. താൻ അതിനു വില കല്‍പ്പിച്ചില്ല. ഈ ആവശ്യത്തില്‍ അനുകൂല നിലപാട് എടുക്കാത്തതുകൊണ്ടാണ് തനിക്കെതിരെ രമേശ് ചെന്നിത്തല വിജിലൻസിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതെന്ന് കെ.എം മാണി ആത്മകഥയില്‍ പറയുന്നു.

തനിക്കെതിരായ ഒരു വടിയായി ബാർ കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു. ‘ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’ എന്ന് രമേശ് മനസില്‍ കണ്ടിരിക്കാം എന്നാണ് കെ.എം മാണി ആത്മകഥയില്‍ പറയുന്നത്. കിട്ടിയ അവസരം രമേശ് ചെന്നിത്തല ഉപയോഗിച്ചു എന്ന കടുത്ത വിമർശനവും മാണി ഉന്നയിക്കുന്നുണ്ട്. അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനെതിരെയും കെ.എം മാണി ആരോപണം ഉന്നയിക്കുന്നുണ്ട്.

നിയമ മന്ത്രി കൂടിയായിരുന്ന തന്നെ മറികടന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാർ ലൈസൻസ് പുതുക്കാനുള്ള ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്നു എന്നാണ് ആരോപണം. നിയമ പ്രശ്‌നങ്ങളുള്ള ഫയല്‍ നിയമ മന്ത്രിയായ താൻ കാണാതെ കെ. ബാബു മന്ത്രിസഭയില്‍ കൊണ്ടുവന്നു. ഫയല്‍ തന്നെ കാണിക്കണമായിരുന്നു എന്ന് പറഞ്ഞത് ബാബുവിന് ഇഷ്ടപ്പെട്ടില്ല. പിന്നീട് ലൈസൻസിനെ കുറിച്ച്‌ ചോദിച്ച ബാർ ഉടമകളോട് ‘നിങ്ങള്‍ ജുബ്ബാ ചേട്ടനോട് ചോദിക്കൂ’ എന്ന് ബാബു പറഞ്ഞതായി’ താൻ അറിഞ്ഞുവെന്ന് മാണി ആരോപിക്കുന്നുണ്ട്.

ഇതിനെയെല്ലാം അതിജീവിച്ച്‌ താൻ പാലായില്‍ ജയിച്ചെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയായിരുന്നു എന്നും ആത്മകഥ പറയുന്നു. കെ.എം മാണി മരിക്കുന്നതിന് ആറു മാസം മുമ്ബ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെ.എം മാണി ഫൗണ്ടേഷന്റെ വിശദീകരണം. ചടങ്ങിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവിനും ക്ഷണമില്ല. യുഡിഎഫില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടിക്കു മാത്രമാണ് ക്ഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക