കടക്കെണിയില്‍ പിടിച്ചുനില്‍ക്കാൻ വിഷമിക്കുന്ന സപ്ലൈകോ, കുടിശ്ശികയില്‍ പകുതിയെങ്കിലും തന്നില്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടേണ്ടിവരുമെന്ന് സര്‍ക്കാറിനെ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ ഏകദേശം 1650 കോടി രൂപയാണ് സര്‍ക്കാറില്‍നിന്ന് കിട്ടേണ്ടത്. 820 കോടി കുടിശ്ശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെൻഡറില്‍പോലും പങ്കെടുക്കുന്നില്ല.

ക്രിസ്മസ്-പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ നാമമാത്ര ചന്തകള്‍ മാത്രമാണ് തുടങ്ങാനായത്. ഇതെങ്കിലും സാധിച്ചത് കരാറുകാര്‍ക്ക് അവസാന നിമിഷം കുടിശ്ശിക 40 ശതമാനം വരെ ലഭ്യമാക്കിയാണ്. എന്നിട്ടും സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കാനായില്ല.ബാധ്യത സംബന്ധിച്ച സപ്ലൈകോ എം.ഡിയുടെ റിപ്പോര്‍ട്ട് സഹിതം ധനമന്ത്രിയുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് അടിയന്തര ഇടപെടല്‍ ആവശ്യം മുന്നോട്ടുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസങ്ങളായി ഉന്നയിക്കുന്ന 500 കോടിയുടെ സഹായംപോലും അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് ഔട്ട്ലറ്റുകള്‍ പൂട്ടിയിടേണ്ടിവരുന്ന സ്ഥിതി ബോധ്യപ്പെടുത്തിയത്. കുടിശ്ശിക തീര്‍ത്തുനല്‍കാതെ വിപണി ഇടപെടല്‍ സാധ്യമാകില്ല. വിപണി ഇടപെടലിന് ഓണത്തിനുശേഷം തുകയൊന്നും നല്‍കിയിട്ടില്ല. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ വിതരണക്കമ്ബനികള്‍ക്കാണ് കോടികള്‍ കുടിശ്ശികയുള്ളത്.

പൊതുവിപണി ഇടപെടലിന് 1525 കോടി കിട്ടേണ്ടിടത്ത് 120 കോടി മാത്രം അനുവദിച്ചതും പ്രശ്നമായി. വിദ്യാഭ്യാസ വകുപ്പ് 200 കോടിയും കിറ്റ് വിതരണത്തിന്‍റെ 158 കോടിയും കിട്ടാനുണ്ടെന്നും സപ്ലൈകോ ചൂണ്ടിക്കാട്ടുന്നു. വിതരണക്കാര്‍ക്കുള്ള കുടിശ്ശികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ടെൻഡര്‍ എടുക്കാനാളില്ലാത്ത സ്ഥിതി തുടരുകയാണ്. സംസ്ഥാനത്തെ മിക്ക ഔട്ട്ലറ്റുകളിലും സബ്സിഡി സാധനങ്ങള്‍ മാസങ്ങളായി എത്തിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക