ഡല്‍ഹി നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ ഭീഷണിയെത്തുടര്‍ന്ന് 41 ഉദ്യോഗസ്ഥരെ പിൻവലിച്ച ക്യാനഡയുടെ നടപടി ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്കടക്കമുള്ള വിസയെ ബാധിക്കും. ഡല്‍ഹി എംബസിയില്‍നിന്ന് 41 ഉദ്യോഗസ്ഥര്‍ രാജ്യംവിട്ടെന്ന് വ്യക്തമാക്കിയ ക്യാനഡ വിദേശമന്ത്രി മെലാനി ജോളിയാണ് ഇന്ത്യൻ പൗരര്‍ക്കുള്ള സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് അറിയിച്ചത്.

ബംഗളൂരു, മുംബൈ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവച്ചതിനാല്‍ ഡല്‍ഹിയിലെ ഹൈക്കമീഷൻ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.കോണ്‍സുലാര്‍ സേവനങ്ങള്‍ ക്യാനഡ നിര്‍ത്തിയത് ഏകപക്ഷീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെയും -ഒട്ടോവയിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത് –- വിദേശമന്ത്രാലയം പറഞ്ഞു. വിസ നടപടികള്‍ കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ് ക്യാനഡ (ഐആര്‍സിസി) വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായാണ് വെട്ടിക്കുറച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറഞ്ഞത് 17,500 വിസ അപേക്ഷകളിന്മേലുള്ള നടപടി വൈകുമെന്നാണ് റിപ്പോര്‍ട്ട്. ശൈത്യകാലത്ത് ആരംഭിക്കുന്ന കോഴ്സുകള്‍ക്കടക്കം പണമടച്ച്‌ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാര്‍ഥികളുടെയടക്കം ഭാവി ഇതോടെ തുലാസിലായി.

ഇന്ത്യക്കെതിരെ അമേരിക്കയും ബ്രിട്ടനും

ക്യാനഡയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തള്ളിയും ക്യാനഡയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചും അമേരിക്കയും ബ്രിട്ടനും. ആദ്യമായാണ് ഇരു രാജ്യവും വിഷയത്തില്‍ പരസ്യമായി ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്. ഇന്ത്യയുടേത് വിയന്ന ഉടമ്ബടിയുടെ ലംഘനമണെന്ന ക്യാനഡയുടെ ആരോപണത്തെ ഇരുരാജ്യവും പിന്താങ്ങി. ഉടമ്ബടി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന മോദി സര്‍ക്കാരിന്റെ നിലപാട് ആശങ്കയുളവാക്കുന്നെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാൻ നയതന്ത്രജ്ഞര്‍ ആവശ്യമാണന്നും ഓര്‍മിപ്പിച്ചു. ബ്രിട്ടീഷ് വിദേശമന്ത്രാലയ വക്താവും ഇന്ത്യൻ നടപടിയെ തള്ളി. നയതന്ത്രജ്ഞരുടെ പരിരക്ഷയും പ്രത്യേകാവകാശങ്ങളും ഏകപക്ഷീയമായി പിൻവലിക്കുന്നത് വിയന്ന കണ്‍വൻഷൻ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പരിരക്ഷ റദ്ദാക്കിയ ഇന്ത്യൻ നടപടി നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ലംഘിക്കുന്നതാണെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പറഞ്ഞു. ഇന്ത്യയിലും ക്യാനഡയിലുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഇന്ത്യൻ സര്‍ക്കാരിന്റെ നടപടികളെന്നും ട്രൂഡോ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക