സപ്ലൈകോ വഴി വിതരണംചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേർന്ന എൽഡിഎഫ് യോഗം ഇക്കാര്യം ചർച്ചചെയ്ത് വില വർധനവിന് അനുമതി നൽകിയത്. വില എത്രവരെ കൂട്ടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.

സബ്സിഡിയോടെ അവശ്യസാധനങ്ങൾ നൽകുമ്പോൾ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകിൽ സർക്കാർ വീട്ടണം, അല്ലെങ്കിൽ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വർധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം. ഇക്കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേർന്ന എൽഡിഎഫ് യോഗം വിഷയം ചർച്ചചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരുംദിവസങ്ങളിൽ 13 ഇന അവശ്യസാധനങ്ങളുടെയും വില ഉയരും. പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയുള്ള അവശ്യസാധനങ്ങൾ പലപ്പോഴും സപ്ലൈക്കോയിൽ കിട്ടാനില്ലാത്ത സ്ഥിതി പതിവായിരുന്നു. ഇതിനിടെയാണ് വില ഉയരുന്നത്.2016-ൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നായിരുന്നു എൽഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏഴ് വർഷവും വാഗ്ദാനം പാലിച്ച് വില കൂട്ടിയില്ലെങ്കിലും ഇപ്പോൾ അതിൽ മാറ്റംവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക