ആറ് വയസുകാരിയെ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണിന്റെ ഉടമയുടെ പ്രതികരണം പുറത്ത്. പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷമാണ് ഫോണ്‍ ചോദിച്ചതെന്നും വ്യാപാരി പറയുന്നു.
കടയിലെത്തിയ സ്ത്രീക്ക് 35 വയസ് തോന്നിക്കും. ചുരിദാറായിരുന്നു വേഷം. ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. മൂന്ന് തേങ്ങയും ബിസ്കറ്റും റെസ്കും കേക്കും വാങ്ങി. ഓട്ടോയിലാണ് വന്നത്. ആദ്യം വന്ന് ബിസ്കറ്റുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് മറ്റ് സാധനങ്ങള്‍ വാങ്ങിയതും ഫോണുമായി കടയില്‍ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നു: കടയുടമ പറഞ്ഞു.
കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറില്‍ കൊണ്ടുപോയത്. ഒപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടിയെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്ബറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാര്‍ അടുത്ത് കൊണ്ട് നിര്‍ത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. കുട്ടിക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്.