കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളിലും ഒരു രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. പള്ളിക്കല്‍ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി.
പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിരുന്നു. കടയില്‍ എത്തിയ പുരുഷനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഏതാനും ദിവസം മുമ്ബും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാര്‍ പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേല്‍ സാറയുടെ അമ്മൂമ്മ പറയുന്നത്.
നേരത്തെയും ഈ കാറ് വീടിനടുത്ത് നിര്‍ത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. നിര്‍ത്തിയിട്ട കാറില്‍ നിന്നും രണ്ടുപേര്‍ സൂക്ഷിച്ച് നോക്കിയെന്നാണ് അവര്‍ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തില്‍ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറഞ്ഞു.