ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള പോര് പരസ്യ യുദ്ധത്തിലേക്ക്. ജാമ്യത്തിനായി വ്യാജരേഖ ചമച്ചു എന്നാരോപിച്ച്‌ മുതിര്‍ന്ന അഭിഭാഷകൻ എം പി നവാബിനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ അഭിഭാഷകര്‍ കോടതി മുറിയിലേക്ക് പ്രകടനം നടത്തി. കേസെടുത്തത് ശിരസ്തദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്. പരാതി നല്‍കിയത് മജിസ്ട്രേറ്റിൻ്റെ നിര്‍ദേശപ്രകാരമാണ് എന്നും അഭിഭാഷകര്‍ ആരോപിച്ചു.

അഭിഭാഷകന് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത കാര്യത്തിലാണ് കേസെന്നും, മജിസ്ട്രേറ്റ് തുടര്‍ച്ചയായി പലരോടും മോശമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്ക്കരിച്ച്‌ മുദ്രാവാക്യം വിളിയുമായി തള്ളിക്കയറിയത്. അതേസമയം പ്രതിഷേധക്കാര്‍ തനിക്കെതിരെ ‘പോ പുല്ലേ, പോടി പുല്ലേ’ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചുവെന്ന് കോടതി നടപടികള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്ന ഇ കോടതി സൈറ്റില്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതോടെ തര്‍ക്കത്തിന് പുതിയൊരു മാനം കൈവരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്ത് സി ജെ എമ്മിന് എതിരെ പ്രതിഷേധം ; അഡ്വ.എം നവാബിന് എതിരെ കള്ളക്കേസ് എടുത്ത സംഭവം : കോട്ടയത്ത് കോടതി ബഹിഷ്കരിച്ച് അഭിഭാഷക പ്രതിഷേധം: തത്സമയം കാണാം

Posted by Jagratha Live on Wednesday, 22 November 2023

2013-ല്‍ വിധി വന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയ ജാമ്യക്കാരൻ വ്യാജനാണെന്ന കാരണത്താല്‍ അഭിഭാഷകനെ രണ്ടാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട രമേശൻ എന്നയാള്‍ ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ജാമ്യക്കാരായ ബിജു വിജെയേയും വത്സമ്മയേയും കഴിഞ്ഞ മാസം 25 ന് കോടതി വിളിച്ചു വരുത്തി. എന്നാല്‍ താൻ ജാമ്യം നിന്നിട്ടില്ലെന്നാണ് ബിജു കോടതിയെ അറിയിച്ചത്.

ഇടുക്കി സ്വദേശിയായ തൻ്റെ തിരിച്ചറിയല്‍ രേഖകള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നഷ്ടപ്പെട്ടതായും ജാമ്യക്കാരൻ മൊഴി നല്‍കി. കോടതി ജാമ്യരേഖകള്‍ പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ രേഖ കൃത്യമായിരുന്നു. എന്നാല്‍ ബിജുവിന്റെ പേരിലുള്ള കരമടച്ച രസീത്‌ വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലെ ശിരസ്തദാര്‍ വി സിന്ധു സംഭവം ചൂണ്ടിക്കാട്ടി കോട്ടയം ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതി രമേശനെ ഒന്നാം പ്രതിയാക്കിയും അഭിഭാഷകനായ നവാബിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തത്. നിലവില്‍ അഭിഭാഷകൻ മുൻകൂര്‍ ജാമ്യത്തിലാണ്.

സാധാരണ ഇത്തരം സംഭവങ്ങളില്‍ അഭിഭാഷകനെതിരെ കേസെടുക്കാറില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. പ്രതിയാണ് ജാമ്യക്കാരനെ കൊണ്ടുവരുന്നത്. അയാളെ അഭിഭാഷകൻ കോടതിയില്‍ സാക്ഷ്യപ്പെടുത്തുക മാത്രമാണ് പതിവ്‌. അയാള്‍ ഹാജരാക്കുന്ന രേഖകളുടെ ആധികാരികത എങ്ങനെ തങ്ങള്‍ക്ക് ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് അഭിഭാഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. മുമ്ബും അഭിഭാഷകര്‍ക്കെതിരെ മോശമായ നടപടികള്‍ മജിസ്ട്രേറ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കോട്ടയം കോടതിയിലെ തന്നെ ഹരീഷ് എന്ന അഭിഭാഷകൻ്റെ പരാതിയില്‍ ഹൈക്കോടതി രണ്ട് മാസം മുമ്ബ് ശാസിച്ച വ്യക്തിയാണ് മജിസ്ട്രേറ്റ്‌ എന്നും അഭിഭാഷകര്‍ പറയുന്നു.

എം.പി. നബാബിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ ആസ്ഥാനത്തെ കോടതി നടപടികളെല്ലാം ഇന്ന് ബാര്‍ അസോസിയേഷൻ്റെ നിര്‍ദേശപ്രകാരം ബഹിഷ്ക്കരിച്ചു. ഇതൊരു സൂചന മാത്രമാണെന്നും ഏഴ് ദിവസത്തിനുള്ളില്‍ അഭിഭാഷകനെതിരായ നടപടി പിൻവലിച്ചില്ലെങ്കില്‍ അനിശ്‌ചിതകാലത്തേക്ക്‌ കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക