മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് കയർത്ത് ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി. “എന്റെ അടുത്ത് ആളാകാൻ വരരുത്’ എന്ന് അദ്ദേഹം പറഞ്ഞു. ആളാകാൻ വരുന്നതല്ലെന്ന് മാധ്യമപ്രവർത്തക മറുപടി പറയുന്നതും കേൾക്കാം. “ആളാകാൻ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവർ നോക്കിക്കോളും’ എന്നു സുരേഷ് ഗോപി പറഞ്ഞു.
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പിന്നാലെ, എന്തു കോടതിയാണ് സാർ, എന്നു ചോദിച്ചപ്പോൾ, “എന്തു കോടതിയോ എന്നാണ് ചോദിച്ചിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടർന്ന്, ‘യു വാൻഡ് മി ടു കൺഡിന്യൂ, ആസ് ഹെർ ടു മൂവ് ബാക്ക്’- എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.”പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നു. അതെനിക്ക് ഈശ്വരാനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം ഞാൻ സസന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്നു മാറിനിൽക്കുവെന്നേ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അത്രയേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇപ്പോൾ കോടതിയെ ആണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്തുകോടതി, ഇതു നിങ്ങൾക്കാർക്കെങ്കിലും പറയാൻ അവകാശമുണ്ടോ?’- അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നടൻ മാപ്പും പറഞ്ഞു. അടുത്തിടെ, കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ അതിഥിയായി എത്തിയ സുരേഷ് ഗോപി, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. “പ്ലീസ് കീപ് എവേ ഫം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു ‘ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.