പാലായിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെ ലക്ഷ്യമിട്ട് കേരള കോൺഗ്രസ് ജോസ് മാണി വിഭാഗം നടത്തുന്ന നീക്കങ്ങൾ സംശയനിഴലിൽ. ഒരു കാരണം കണ്ടെത്തി ഇടതുമുന്നണി വിടാനുള്ള കളം ഒരുക്കലാണോ ഇത് എന്ന സംശയമാണ് ബലപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കുകയും, കോട്ടയത്ത് സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുകയും ചെയ്യേണ്ട സാഹചര്യമുള്ളപ്പോഴാണ് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്ന കേരള കോൺഗ്രസ് നീക്കങ്ങൾ എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്.

അധിക സീറ്റാവശ്യത്തിന് പിന്നാലെ ബാങ്കുകളിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്ന നടപടി: രണ്ടാം പിണറായി ഭരണത്തിൽ സർക്കാരിന് ഏറ്റവും അധികം പ്രതിരോധത്തിൽ ആക്കുന്ന ഒരു വിഷയം കരുവന്നൂർ ബാങ്ക് അഴിമതിയാണ്. ഇതിന് പിന്നാലെ പാലായിലെ കിഴതടിയൂർ ബാങ്ക്, കടനാട് ബാങ്ക് എന്നിവിടങ്ങളിലെ ക്രമക്കേടുകൾ കേരള കോൺഗ്രസ് ഉയർത്തുന്നതാണ് സംശയം ഉണർത്തുന്നത്. കാരണം നിലവിൽ ഈ ബാങ്കുകൾ ഇടത് ഭരണത്തിന് കീഴിലാണ്. കിഴതടിയൂർ ബാങ്കിൽ 35 വർഷം ജോർജ് സി കാപ്പൻ പ്രസിഡണ്ടായിരുന്നതും സിപിഎം പിന്തുണയിൽ തന്നെയാണ്. നിലവിൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞപ്പോഴും സിപിഎം നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചുകയറിയത്. പുതിയ ഭരണസമിതിയിൽ കേരള കോൺഗ്രസിനും പ്രാധിനിത്യം ഉണ്ട് എന്ന് ഇരക്കെയാണ് ഈ നീക്കം. ഇതുകൂടാതെ ആരോപണ വിധേയരിൽ പ്രമുഖരായ നിരവധി ആളുകൾ ഇപ്പോഴും സിപിഎമ്മിൽ ഉൾപ്പെടെ ഇടതുമുന്നണിയിലെ പാർട്ടികളിലെ ഭാരവാഹികളാണ്. കടനാട് ബാങ്ക് ആവട്ടെ വർഷങ്ങളായി സിപിഎം നിയന്ത്രണത്തിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിഴതടിയൂരും, കടനാടും ഉയർത്തിക്കാട്ടുമ്പോഴും വലവൂർ ബാങ്കിൻറെ കാര്യത്തിൽ മൗനം: പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് എം നിയന്ത്രണത്തിലുള്ള വലവൂർ സഹകരണ ബാങ്കിലും വ്യാപക ക്രമക്കേടുകൾ ആണ് നടന്നിട്ടുള്ളത്. എന്നാൽ പാലായിലെ മറ്റ് ബാങ്കുകളുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിരിക്കുന്ന കേരള കോൺഗ്രസ് വലവൂർ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ച് മൗനം പാലിക്കുകയാണ്. കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും ഏറ്റവും വിശ്വസ്തനായ പാലാ മുൻനിയോജക മണ്ഡലം പ്രസിഡൻറ് ഫിലിപ്പ് കുഴികുളം ആണ് വലവൂർ ബാങ്കിൻറെ തലപ്പത്തുള്ളത്. സ്വാഭാവികമായും കേരള കോൺഗ്രസ് മറ്റു ബാങ്കുകളെ ആക്രമിക്കുമ്പോൾ വലവൂർ വിഷയം ചൂണ്ടിക്കാട്ടി അവർക്കെതിരെ സിപിഎം ഉൾപ്പെടെ രംഗത്തിറങ്ങാനുള്ള സാധ്യതകൾ പോലും അവഗണിച്ചുകൊണ്ട് ഇത്തരം ഒരു നീക്കം നടത്തുന്നതാണ് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നത്.

രാഷ്ട്രീയ നീക്കങ്ങൾ: സാധ്യതകൾ ഇങ്ങനെ

കോട്ടയം യുഡിഎഫിന്റെ തട്ടകമാണ്. അതുകൊണ്ടുതന്നെ ഭേദപ്പെട്ട ഒരു സ്ഥാനാർത്ഥി ഉണ്ടായാൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കോട്ടയം പാർലമെന്റ് സീറ്റിൽ പരാജയം ഏതാണ്ട് ഉറപ്പിക്കാം. ഉടനടി യുഡിഎഫിൽ എത്തി കോട്ടയം തിരിച്ചുപിടിക്കാൻ കഴിയില്ല എന്ന് കേരള കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരുപക്ഷേ കോട്ടയത്തെ പരാജയത്തിന്റെ പേരിൽ ഇടതുമുന്നണിയെ തള്ളിപ്പറയാനാവും കേരള കോൺഗ്രസ് ഉദ്ദേശിക്കുക. അങ്ങനെ പാർലമെന്റ് തിരഞ്ഞെടുപ്പോട് കൂടി ആരംഭിക്കുന്ന പൊട്ടിത്തെറി മുതലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് അസംബ്ലി തിരഞ്ഞെടുപ്പിനു മുന്നേ യുഡിഎഫിൽ സുഗമമായി കയറിക്കൂടുക എന്നതാവും ഒരുപക്ഷേ കേരള കോൺഗ്രസ് അജണ്ട. ജോസഫ് ഗ്രൂപ്പിൽ നിന്ന് കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ സ്വാഭാവികമായും പിജെ ജോസഫും, കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ ഇടർച്ചയുണ്ടാകും. ഇതും താങ്ങൾക്ക് അനുകൂലമാകും എന്ന വിലയിരുത്തൽ കേരള കോൺഗ്രസിന് ഉണ്ടാവാൻ ഇടയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക