കെ.സി.ആറിനും ബി.ആര്‍.എസിനും എളുപ്പമല്ല ഇക്കുറി തെലങ്കാന. കടുത്ത ഭരണവിരുദ്ധവികാരം, ന്യൂനപക്ഷവോട്ടുകളുടെ രീതിമാറ്റം, കോണ്‍ഗ്രസ് നല്‍കുന്ന കടുത്തമത്സരം തുടങ്ങിയ ഘടകങ്ങള്‍ തെലങ്കാനയില്‍ ഹാട്രിക് വിജയം നേടാനുള്ള കെ.സി.ആറിന്റെ നീക്കങ്ങള്‍ക്ക് താത്‌കാലിക തടയണ തീര്‍ക്കുന്നു. ഒക്ടോബര്‍ 15-ന് പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ പുറത്തുവരാനിരിക്കുന്ന പ്രഖ്യാപനങ്ങളായിരിക്കും ഇനി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ രക്ഷാമന്ത്രം.

ഓഗസ്റ്റില്‍ത്തന്നെ 115 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങിയ ബി.ആര്‍.എസിനാണ് പ്രചാരണക്കളത്തില്‍ മുൻതൂക്കം. എന്നാല്‍, 2018-ലെ സ്ഥിതിക്ക് സമാനമല്ല ബി.ആര്‍.എസിന് ഇത്തവണ രംഗം. അഴിമതിയാരോപണങ്ങള്‍, ഭരണവിരുദ്ധവികാരം തുടങ്ങിയ പ്രതികൂലഘടകങ്ങളെ അടിത്തട്ടുമുതല്‍ നേരിടേണ്ട നിലയിലാണ് പാര്‍ട്ടി. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും ബി.ആര്‍.എസിനൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷവോട്ടര്‍മാരില്‍ ഒരുഭാഗം ഇക്കുറി കോണ്‍ഗ്രസിനൊപ്പമാണെന്നാണ് സൂചന. മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ മജ്‌ലിസിനും മറ്റുസീറ്റുകളില്‍ കോണ്‍ഗ്രസിനും വോട്ടുചെയ്യാനാണ് ഈ വിഭാഗത്തിന്റെ നീക്കം. ബി.ആര്‍.എസിനോട് ചേര്‍ന്നാണ് അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി മത്സരിക്കുന്നതെങ്കിലും മുസ്‍ലിംവോട്ടുകള്‍ ഉറപ്പാക്കാൻ കെ.സി.ആറിന് കഴിയുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതൃപ്തി പരിഹരിക്കാൻ പ്രകടനപത്രികയില്‍ ന്യൂനപക്ഷവിഭാഗങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താൻ ബി.ആര്‍.എസിന്റെ അണിയറയില്‍ തിരക്കിട്ട നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി പഴയ ആര്‍.എസ്.എസ്. നേതാവാണെന്ന ആരോപണവുമായി ബി.ആര്‍.എസും മജ്‌ലിസ് പാര്‍ട്ടിയും രംഗത്തെത്തിയതും ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ടുതന്നെ. കോണ്‍ഗ്രസിന് നല്‍കുന്ന വോട്ടുകള്‍ ആര്‍.എസ്.എസിനാണെന്നാണ് ഈ പാര്‍ട്ടികളുടെ പുതിയ പ്രചാരണം.

ബി.ജെ.പി.ക്കോ കോണ്‍ഗ്രസിനോ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ കാര്യത്തില്‍പോലും ഇനിയും വ്യക്തതയായിട്ടില്ല. ബി.ജെ.പി.ക്ക് ഇക്കുറിയും കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിയില്ലെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി സഞ്ജയ് കുമാര്‍ ബണ്ടിയുടെ കൈയില്‍നിന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്ക് നല്‍കിയെങ്കിലും സംസ്ഥാനത്ത് വേരോട്ടം എളുപ്പമല്ല.

അനുകൂലഘടകങ്ങളുണ്ടെങ്കിലും അതുപയോഗപ്പെടുത്താൻ കോണ്‍ഗ്രസിന് കഴിയുന്നില്ല. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ സംഘടന ഉണര്‍ന്നെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് കടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓരോ മണ്ഡലത്തിലും നാലോ അഞ്ചോ സ്ഥാനാര്‍ഥിമോഹികള്‍ രംഗത്തുണ്ട്. സെപ്‌റ്റംബറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം, കേന്ദ്രനേതാക്കള്‍ പങ്കെടുത്ത റാലി എന്നിവ സംഘടിപ്പിച്ചെങ്കിലും തുടര്‍ചലനങ്ങളുണ്ടായില്ല.

കെ.സി.ആര്‍. രണ്ടുമണ്ഡലങ്ങളില്‍: ഗജ്വേല്‍, കമാരെഡ്ഢി എന്നീ മണ്ഡലങ്ങളില്‍ കെ.സി.ആര്‍. സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിപ്രവര്‍ത്തകരുടെ സമ്മര്‍ദംമൂലമാണ് രണ്ടിടത്ത് മത്സരിക്കുന്നതെന്നാണ് നേതാക്കളുടെ വാദം.ഒക്ടോബര്‍ 15-ന് ബി.ആര്‍.എസ്. സ്ഥാനാര്‍ഥികളുടെ യോഗം ഹൈദരാബാദിലെ തെലങ്കാന ഭവനില്‍ ചേരും. തുടര്‍ന്ന്, പ്രകടനപത്രിക പുറത്തിറക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക