കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോസ്റ്റർ യുദ്ധം മുറുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുഗ്ലക് രാജവംശത്തിലെ സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കാക്കി ചിത്രീകരിച്ചുള്ള കോൺഗ്രസ് കേരള ഘടകത്തിന്റെ പഴയ പോസ്റ്ററിനെതിരേ ബി.ജെ.പി രംഗത്തെത്തി. മോദിയെ തുഗ്ലക്കാക്കിയ കോൺഗ്രസിനെ നിരോധിക്കണമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.

മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചിത്രത്തിന് മോദിയുടെ മുഖം നൽകിയുള്ള കോൺഗ്രസ് പോസ്റ്ററാണ് ബി.ജെ.പിയുടെ പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ജൂൺ മാസത്തിൽ കോൺഗ്രസ് കേരളം ഘടകം എക്സിൽ പങ്കുവെച്ച ചിത്രമാണിത്. അന്ന് പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന ഘട്ടത്തിലുള്ള പോസ്റ്റായിരുന്നു ഇത്.’പ്രിയപ്പെട്ട പ്രധാനമന്ത്രി ജി, നിങ്ങൾക്ക് പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ താത്പര്യമുണ്ടെങ്കിൽ തുഗ്ലക് കാലഘട്ടത്തിന് പകരം നിങ്ങളുടെ കാലഘട്ടം ഉൾപ്പെടുത്തു എന്നും പോസ്റ്റിനൊപ്പം കോൺഗ്രസ് കുറിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച മുഖ്താർ അബ്ബാസ് നഖ്വി ‘കോൺഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏർപ്പെടുത്താനും യോഗ്യമായ കേസ് ആണിതെന്ന്’ തിരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു.രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപി പോസ്റ്ററിനെതിരേ കോൺഗ്രസ് വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് മോദിക്കെതിരായ കോൺഗ്രസ് കേരള ഘടകത്തിന്റെ പഴയ പോസ്റ്റുമായി ബിജെപി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുംവലിയ നുണയനെന്ന് കോൺഗ്രസ് പോസ്റ്റിട്ടതിനു പിന്നാലെയാണ് ഇരുപാർട്ടികളും തമ്മിലുള്ള പോസ്റ്റർ പോര് ആരംഭിച്ചത്.

വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി മോദിയെ അവതരിപ്പിച്ചും കോൺഗ്രസ് പോസ്റ്റർ പ്രചരിപ്പിച്ചിരുന്നു.രാഹുലിനെ രാവണനാക്കിയ ബി.ജെ.പിയുടെ പോസ്റ്ററിനെതിരേ രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജാർ കോടതിയേയും സമീപിച്ചിട്ടുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടിയുടെ ഐ.ടി. സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരേയാണ് ജസ്വന്ത്, ജയ്പുർ മെപ്രോളിറ്റൻ കോടതി-11 ൽ പരാതി നൽകിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക