കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഉന്നതരിലേക്കെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് രാഷ്ട്രീയ നേതാക്കളടക്കം പല പ്രമുഖരുമായും അടുപ്പമുണ്ടെന്നും ഇവരില്‍ ആര്‍ക്കൊക്കെ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പരിശോധിക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എസി മൊയ്തീനെയും എം കെ കണ്ണനെയും ലക്ഷ്യം വെച്ചുതന്നെയാണ് കേന്ദ്ര ഏജൻസി നീങ്ങുന്നതെന്നാണ് വിവരം.

അറസ്റ്റിലായ അരവിന്ദാക്ഷനേയും ജില്‍സിനേയും നാളെ വൈകിട്ട് നാല് മണി വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ 30 ന് പരിഗണിക്കും. തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെയാണ് ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യം ഉയര്‍ന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ഇ ഡി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ അറസ്റ്റിലായ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി കെ ജില്‍സ് 5 കോടി ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. ബാങ്കിലെ മൂന്ന് സി ക്ലാസ് മെമ്ബര്‍മാരുടെ പേരിലും സ്വന്തം പിതാവിന്‍റെയും ഭാര്യയുടെയും പേരിലുമുളള ഭൂമി ഉയര്‍ന്ന തുകയ്ക്ക് ഈട് നല്‍കി ഒരേ സമയം പല ലോണുകള്‍ നേടിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇഡിയുടെ തുടര്‍ നടപടി എം കെ കണ്ണനേയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ടീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആരോപണവിധേയരടക്കം നടപടികള്‍ രാഷ്ടീയ വേട്ടയെന്ന് ആവര്‍ത്തിക്കുന്നു. എന്നാൽ പൊതു സമൂഹത്തിനിടയിൽ ഈ പ്രതിരോധം എത്രമാത്രം വിലപ്പോവും എന്ന ആശങ്കയും സിപിഎമ്മിൽ ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക