കരുവന്നൂര്‍ പ്രതികളെ സഹായിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി നടത്തിയത് 500 കോടിയുടെ ഇടപാട്; സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു; അയ്യന്തോള്‍ ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആളുകള്‍ കൂട്ടത്തോടെ എത്തുന്നു: സിപിഎം മുൾമുനയിൽ.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി. ചില പ്രമുഖരുടെ മാനേജര്‍ മാത്രമായ സതീഷ് കുമാറിന്റെ അക്കൌണ്ട് വഴിയായിരുന്നു ഇടപാടുകള്‍ നടന്നിരുന്നതെന്നും ഇ ഡി പറയുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശേധന. ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥലത്തില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂര്‍ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. അയ്യന്തോള്‍ സഹകരണബാങ്കില്‍ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവില്‍ കഴിയുന്ന അനില്‍ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. അനില്‍ കുമാറിനെ ഒളിവില്‍ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ പുതിയ നീക്കമാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശൂരിലും എറണാകുളത്തുമായി ഒമ്ബത് ഇടങ്ങളിലാണ് ഓരേ സമയം റെയ്ഡ് നടക്കുന്നത്. ഒളിവിലുള്ള തൃശൂര്‍ സ്വദേശി അനില്‍ കുമാര്‍ ബെനാമി വായ്പയായി തട്ടിയത് 18.5 കോടിയാണെന്നും ഇഡി വെളിപ്പെടുത്തുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഇയാള്‍ ഒളിവിലാണ്.
തൃശ്ശൂരില്‍ പല പേരുകളിലായി ഇയാള്‍ താമസിക്കുന്നുണ്ട്. അനില്‍ കുമാറിന് സഹായം ചെയ്യുന്നത് സിപിഎം നേതാക്കളാണെന്നും ഇ ഡി ആരോപിക്കുന്നു. എം കെ കണ്ണനെയും ബാങ്ക് സെക്രട്ടറിയേയും വിളിച്ചു വരുത്തിയ ശേഷമാണ് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തുന്നത്. പരിശോധനാ വിവരം പുറത്ത് വന്നതോടെ, അയ്യന്തോള്‍ ബാങ്കില്‍ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ്.