കോട്ടയം: പുഴയില്‍ ഒഴുകിവന്ന വൃദ്ധയെ രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ഇത് കണ്ടത്. മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകള്‍ സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരെ ബഹളം വെച്ച്‌ വിളിച്ചു വരുത്തുകയായിരുന്നു. ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കള്‍ വള്ളവുമായി വെള്ളത്തിലേക്ക് ചാടി ഇറങ്ങുകയായിരുന്നു. മരത്തിനു താഴെ താമസിച്ചിരുന്ന ബിബിന്‍ എം ആര്‍ ധനേഷ് എന്നിവരാണ് വള്ളവുമായി ആദ്യം പുഴയിലേക്ക് പോയത്.

ഇവര്‍ ശ്രമിച്ചിട്ടും ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറാനായില്ല. തുടര്‍ന്ന് സമീപം താമസിക്കുന്ന ഷാല്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പുഴയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. വള്ളത്തില്‍ ഇരുന്ന് സ്ത്രീയെ കരയിലേക്ക് വലിച്ചടുപ്പിച്ചു കയറ്റുകയായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഷാല്‍ പറഞ്ഞു. ഏറെ ശ്രമകരമായി ആണ് ഇവരെ കരയ്ക്ക് എത്തിക്കാന്‍ ആയത്. കരക്ക് എത്തിച്ച ശേഷം ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബോധരഹിതയായ നിലയിലായിരുന്നു ഇവര്‍. കോട്ടയത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ശ്രമിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്നോടിയായി തന്നെ ഇവരെ നാട്ടുകാര്‍ കരയ്ക്കെത്തിക്കുകയായിരുന്നു. ഇവര്‍ ഒരു സാരി ഉടുത്തിരുന്നതായും അതിനു പുറത്ത് ഒരു നൈറ്റി ധരിച്ചിരുന്നതായും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സ്ത്രീ പറഞ്ഞു. ഏറെ വെള്ളം കുടിച്ചിട്ടുണ്ട് എന്നാണ് രക്ഷപ്പെടുത്തിയപ്പോള്‍ മനസ്സിലാക്കിയത്. കരയ്ക്ക് എത്തിച്ചശേഷം ഇവര്‍ ഇത് ഛര്‍ദ്ദിച്ചു കളഞ്ഞതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇവര്‍ക്ക് വേഗത്തില്‍ തന്നെ ചികിത്സ നല്‍കുകയായിരുന്നു. ഇവര്‍ക്ക് അപകടനില തരണം ചെയ്തതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 82 വയസ്സുണ്ട് എങ്കിലും അപകടനില ഉള്ളതായി ഇപ്പോള്‍ കരുതുന്നില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ പേര് രാജമ്മ എന്നും കറുകച്ചാല്‍ ആണ് വീട് എന്നും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. എവിടെനിന്നാണ് പുഴയില്‍ വീണത് എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.

രാജമ്മ എത്ര കിലോമീറ്റര്‍ ഒഴുകി?

ഒഴുക്കില്‍പ്പെട്ട് ചുങ്കം പാലത്തിനടിയില്‍ നിന്നും രക്ഷപ്പെടുത്തിയ രാജമ്മ എത്ര ദൂരം പുഴയില്‍ ഒഴുകി വന്നു എന്നത് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഏറെ ഒഴുക്ക് ഉള്ള പ്രദേശമാണ് ഇവിടം എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ ന്യൂസ് 18 നോട് പറഞ്ഞു. അതുകൊണ്ടുതന്നെ ഏറെ ദൂരം ഒഴുകാനുള്ള സാധ്യത കുറവാണ്. മറ്റെന്തെങ്കിലും വസ്തുവില്‍ പിടിച്ചു കിടന്നല്ല രാജമ്മ ഉണ്ടായിരുന്നത് എന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതോടെ രാജമ്മയുടെ മകള്‍ വിവരം കാണുകയായിരുന്നു. രാവിലെ തോട്ടയ്ക്കാട് ആശുപത്രിയില്‍ പോകുന്നതിന് വീട്ടില്‍ നിന്നും ഇറങ്ങിയതാണ് എന്നാണ് ഇവര്‍ പോലീസ് നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം. ഏതായാലും സംഭവത്തിലെ ദുരൂഹത അകറ്റാന്‍ ഉള്ള ശ്രമത്തിലാണ് കോട്ടയം ഗാന്ധിനഗര്‍ പോലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക