ബാലതാരമായി സിനിമയിലെത്തി ഷാജി എൻ.കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനില്‍. ഇൻസ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള എസ്തറിന്റെ ഫാഷനും യാത്രകളുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഒരു ട്രാവല്‍ ഏജൻസിയുമായി സഹകരിച്ച് മാലദ്വീപ് യാത്രയിലാണ് എസ്തർ.
മാലദ്വീപില്‍ വെച്ച് സ്നോർക്കലിങ് ചെയ്യുന്നതിന്റെയും സ്രാവുകള്‍ക്കൊപ്പം നീന്തുന്നതിന്റെയും വീഡിയോ എസ്തർ പങ്കുവെച്ചിട്ടുണ്ട്. ബീച്ച് റിസോർട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മാലദ്വീപ് ടൂറിസത്തിനെതിരെ ഇന്ത്യൻ സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവർ ബഹിഷ്കരണ ക്യാപെയിനുകള്‍ നടത്തുമ്ബോള്‍ ഈ ട്രിപ്പ് പോയതിന് വിമർശനവുമായി ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എസ്തറിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
കോക്ടെയില്‍, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച എസ്തർ കൂടുതല്‍ ശ്രദ്ധ നേടുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ്. അതിന് ശേഷം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശത്തിലും എസ്തർ അഭിനയിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാർഥിനിയാണ് എസ്തർ.
സ്രാവുകള്‍ക്കൊപ്പം നീന്താം: മാലദ്വീപ് ടൂർ പാക്കേജുകളില്‍ ഏറ്റവും പ്രധാനമാണ് സ്വിമ്മിങ് വിത്ത് ഷാർക്ക്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഇവിടേക്കെത്തിക്കുന്നതില്‍ സ്രാവുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്രാവുകള്‍ക്കൊപ്പം നീന്താനുള്ള അവസരം മാലദ്വീപിലെ റിസോർട്ടുകള്‍ അവരുടെ ടൂർ പാക്കേജുകളില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. കടലിന്റെ വിവിധയിടങ്ങളില്‍ ഇത്തരം സ്പോട്ടുകളുമുണ്ട്. കടലില്‍ വെച്ച് ഭക്ഷണപാക്കറ്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയാണ് സ്രാവുകളെ ആകർഷിക്കുക. സുരക്ഷ മുൻകരുതലുകള്‍ എടുത്ത ശേഷമാണ് സഞ്ചാരികളെ ഇവയോടൊപ്പം നീന്താൻ അനുവദിക്കുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക