നൂറു വയസ്സിനു മുകളില്‍ പ്രായം വരുന്ന കേരളത്തിലെ ഗ്രാമീണരെ കുറിച്ചുള്ള ഒരു ‘ഗവേഷണം’ ആണ് വാട്സാപ്പിലെ ഇപ്പോഴത്തെ താരം. തിരുവനന്തപുരം തൊട്ട് കാസര്‍കോട് വരെയുള്ള കേരളത്തിലെ വിവിധ പ്രദേശങ്ങളുടെ പേരില്‍ ഈ പ്രത്യേക ഗവേഷണത്തെ കുറിച്ചുള്ള സന്ദേശം പ്രചരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ നഗരൂര്‍, കൊല്ലത്തെ ഓച്ചിറ, പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ തൊടുപുഴ, കോഴിക്കോട്ടെ ബാലുശ്ശേരി, കണ്ണൂരിലെ ചൊക്ലി എന്നിങ്ങനെ സ്ഥലങ്ങളുടെ നിര വലുതാണ്.

പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം: (ഒരു പ്രത്യേക സ്ഥലത്തിന്റെ പേര് സൂചിപ്പിച്ചതിനു ശേഷം), അവിടെ താമസിക്കുന്നവര്‍ക്ക് മറ്റുള്ള പ്രദേശങ്ങളിലുള്ളവരേക്കാള്‍ ആയുസ്സ് കൂടുതലാണെന്നും പലര്‍ക്കും നൂറിലേറെ പ്രായമുണ്ടെന്നുമാണ് പ്രചാരണം. അതിനു കാരണം അവിടുത്തെ മണ്ണിന്റെയും ജലത്തിന്റെയും സവിശേഷതകള്‍, കാലാവസ്ഥ എന്നിവയാണത്രെ! ഈ പ്രത്യേകതകള്‍ കാരണം അവിടുത്തെ ജനങ്ങളുടെ ശരീരത്തിന് പ്രത്യേക ഊര്‍ജവും ശരീരത്തിന് വേണ്ട എല്ലാവിധ ധാതുക്കളും ലഭിക്കുമെന്നുമാണ് അവകാശവാദം. സ്ഥിരതാമസക്കാര്‍ക്ക് മാത്രമല്ല, ഇവിടെനിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയവരില്‍ പോലും ഈ പ്രത്യേകതകള്‍ കാണാമെന്നാണ് പറയുന്നത്. എന്തിനേറെ ഇവിടെ ‘കുറച്ച്‌ മാസങ്ങള്‍ താമസിച്ച വിദേശികള്‍ക്ക് യാതൊരു അസുഖങ്ങളും ഇല്ലാതെ തിരിച്ച്‌ പോകാനായി’ എന്ന ‘സാക്ഷ്യപ്പെടുത്തലും’ വിശ്വാസ്യത വര്‍ധിപ്പിക്കാനെന്നോണം സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ സ്ഥലങ്ങളുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകള്‍

വളരെയധികം വിവരങ്ങള്‍ പ്രചരിക്കുന്ന സന്ദേശനങ്ങളിലുണ്ടെങ്കിലും ഏത് ശാസ്ത്രജ്ഞരാണ് പഠനം നടത്തിയതെന്നോ എന്ത് പഠനമെന്നോ ഇതിലെവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, അന്താരഷ്ട്ര മാധ്യമമായ ബി.ബി.സിയോ ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയോ ആണ് ഇക്കാര്യം വാര്‍ത്ത നല്‍കിയതെന്ന് സന്ദേശങ്ങളില്‍ പ്രത്യേകം പറയുന്നുണ്ട്. പക്ഷെ, ഇങ്ങനെയൊരു സംഭവം മേല്‍പ്പറഞ്ഞ മാധ്യമങ്ങളോ സംസ്ഥാന സര്‍ക്കാരോ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. വാസ്തവമെന്തെന്നാല്‍, ഒരേ സന്ദേശം, ചെറിയ വ്യത്യാസങ്ങളോടെ വിവിധ സ്ഥലങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ്.

രാജ്യത്തെ മനോഹരമായ പത്ത് ഗ്രാമങ്ങളുടെ ലിസ്റ്റ് എന്ന തരത്തില്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത ഗ്രാമങ്ങളില്‍ പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ പാലക്കാടിന്റെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെയുള്ള ഒരു സന്ദേശത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്, ഇതേ സന്ദേശത്തിന്റെ മലയാളം പതിപ്പുകള്‍ തങ്ങളുടെ ഇഷ്ടസ്ഥലങ്ങളുടെ പേരില്‍ തത്പരകക്ഷികള്‍ ഇറക്കുന്നത്. ഇതിനകം, കേരളത്തിലെ പത്തിലേറെ ഗ്രാമങ്ങളെങ്കിലും ആയുസ്സ് കൂട്ടുന്ന ‘ഈ ഗവേഷണത്തിന്റെ’ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക