ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരായ ഒരു പത്രവാർത്തയുടെ ചിത്രം പ്രചരിക്കുകയാണ്. 1987ല്‍ കെജ്രിവാള്‍ ഖരഗ്പൂർ ഐ.ഐ.ടിയില്‍ പഠിക്കുമ്ബോള്‍ ഒരു ബലാത്സംഗക്കേസില്‍ പിടിയിലായി എന്ന വാർത്തയാണ് പ്രചരിക്കുന്നത്. എന്താണ് ഇതിന്‍റെ യാഥാർഥ്യം?

പ്രചരിക്കുന്ന വാർത്ത ഇങ്ങനെ: 1987 ജൂണ്‍ എട്ടിലെ ‘ദ ടെലഗ്രാഫ്’ പത്രത്തിന്‍റേതെന്ന് തോന്നിക്കുന്ന കട്ടിങ്ങാണ് പ്രചരിക്കുന്നത്. ബലാത്സംഗക്കേസില്‍ ഐ.ഐ.ടി വിദ്യാർഥി പ്രതി എന്നാണ് വാർത്തയുടെ തലക്കെട്ട്. പ്രദേശത്തുകാരിയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഐ.ഐ.ടി വിദ്യാർഥിയായ 19കാരനായ അരവിന്ദ് കെജ്രിവാളിനെ ഹോസ്റ്റലിലെത്തി പൊലീസ് പിടികൂടി എന്നാണ് വാർത്തയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഈ വാർത്താചിത്രം ഇപ്പോള്‍ പ്രചരിക്കുന്നത്. ഫേസ്ബുക്, വാട്സപ്പ്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. അരവിന്ദ് കെജ്രിവാള്‍ ഖരഗ്പൂർ ഐ.ഐ.ടിയിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. എന്നാല്‍, ബലാത്സംഗക്കേസില്‍ പ്രതിയല്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാർത്താ കട്ടിങ് വ്യാജമാണെന്ന് നിരവധി ഫാക്‌ട് ചെക്കിങ് വെബ്സൈറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഫാക്‌ട് ചെക്കിങ് വെബ്സൈറ്റായ ബൂം ഇത്തരത്തിലുള്ള ഓണ്‍ലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റിലെത്തി സാംപിള്‍ ടെക്സ്റ്റ് കൊടുത്തപ്പോള്‍ കെജ്രിവാളിന്‍റെ വ്യാജ വാർത്തക്ക് സമാനമായ പത്ര കട്ടിങ് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച കട്ടിങ്ങിലെ മൂന്നാമത്തെ പാരഗ്രാഫും കെജ്രിവാളിന്‍റെ വാർത്തയിലെ മൂന്നാമത്തെ പാരഗ്രാഫും ഒരേപോലെയാണെന്ന് കണ്ടെത്തി.

ഓണ്‍ലൈൻ ന്യൂസ്പേപ്പർ ക്ലിപ് ജനറേറ്റർ വെബ്സൈറ്റില്‍ ഏത് ടെക്സ്റ്റ് കൊടുത്താലും മൂന്നാം പാരഗ്രാഫായി ഒരേ അക്ഷരങ്ങള്‍ തന്നെയാണ് വരുന്നതെന്ന് ഇതുവഴി തെളിഞ്ഞു.മാത്രവുമല്ല, കെജ്രിവാള്‍ മുമ്ബ് കേസില്‍ പ്രതിയായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അത് വ്യക്തമാക്കേണ്ടതുണ്ട്. എന്നാല്‍, ഇത്തരമൊരു കേസിനെ കുറിച്ച്‌ കെജ്രിവാളിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നില്ല.

നേരത്തെ, 2020ലെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്തും കെജ്രിവാളിനെതിരെ ഇതേ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2018ലും ഇതേതരത്തിലുള്ള പ്രചാരണമുണ്ടായി. രാഹുല്‍ ഗാന്ധി നിരോധിത മയക്കുമരുന്നുകളുമായി പിടിയില്‍, ഭൂമിയില്‍ അന്യഗ്രഹ ജീവികളിറങ്ങി തുടങ്ങിയ നിരവധി വ്യാജ വാർത്താ കട്ടിങ്ങുകള്‍ ഇതേ വെബ്സൈറ്റില്‍ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക