ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന്‌ നടക്കുന്ന പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. ഒദ്യോഗിക ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടില്ലെങ്കിലും ചാണ്ടി ഉമ്മനെ കേന്ദ്രീകരിച്ച്‌ തെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ പോകാന്‍ കെ.പി.സി.സി. കോട്ടയത്തെ പ്രമുഖ നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങായ നാല്‍പ്പത്തിയൊന്നാം ദിവസത്തിനുശേഷം തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കാനാണ്‌ പാര്‍ട്ടി തീരുമാനം. ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ വന്‍ ഭുരിപക്ഷത്തിന്‌ മണ്ഡലം നിലനിര്‍ത്താമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ., കെ.സി. ജോസഫ്‌ എന്നിവരെ കെ.പി.സി.സി. ചുമതലപ്പെടുത്തിയിരുന്നു. പുതുപ്പള്ളി മണ്ഡലം ഉള്‍പ്പെടുന്ന പുതുപ്പള്ളി ബ്ലോക്കിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും അയര്‍ക്കുന്നം ബ്ലോക്കിന്റെ ചുമതല കെ.സി. ജോസഫിനുമാണ്‌. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ എട്ടു പഞ്ചായത്തുകളാണുള്ളത്‌. മുതിര്‍ന്ന നേതാക്കള്‍ക്കാണ്‌ പഞ്ചായത്തുകളുടെ ചുമതല. ജോസഫ്‌ വാഴയ്‌ക്കന്‍ (പാമ്ബാടി) ജോസി സെബസ്‌റ്റ്യന്‍ (വാകത്താനം) പി.എ.സലീം (കൂരോപ്പട) പി.എസ്‌. രഘുറാം(മീനടം) കുഞ്ഞ്‌ ഇല്ലംമ്ബളളി (പുതുപ്പള്ളി) കുര്യന്‍ ജോയി (മണര്‍കാട്‌) ടോമി കല്ലാനി (അകലക്കുന്നം) ഫിലിപ്പ്‌ ജോസഫ്‌ (അയര്‍ക്കുന്നം) എന്നിങ്ങനെയാണ്‌ ചുമതല. നിലവില്‍ ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു പേരും കോണ്‍ഗ്രസ്‌ പരിഗണിക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളിയില്‍ മത്സരിക്കുന്നതിന്‌ സി.പി.എം. മൂന്നു പേരുടെ സ്‌ഥാനാര്‍ത്ഥിപട്ടികയ്‌ക്ക്‌ അനൗദ്യോഗിക രൂപം നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയെ എതിര്‍ത്ത ജെയ്‌ക്‌ സി. തോമസ്‌, 1996-ല്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട റെജി സഖറിയ, കെ.എം. രാധാകൃഷ്‌ണന്‍ എന്നിവരുടെ പേരുകള്‍ക്കാണ്‌ സി.പിഎം. മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. ഇതില്‍ ജെയ്‌ക്ക്‌ സി. തോമസ്‌ ഇത്തവണത്തെ മത്സരത്തില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ പാര്‍ട്ടി നേതൃത്വത്തോട്‌ അഭ്യര്‍ഥിച്ചതായാണ്‌ അറിയുന്നത്‌.

പാര്‍ട്ടി മത്‌സരിക്കണമെന്ന്‌ നിര്‍ദേശിച്ചാല്‍മാത്രമേ ജെയ്‌ക്‌ മത്‌സരിക്കാനിടയുള്ളൂ. പിന്നീടുള്ള സാധ്യത റെജി സഖറിയായും കെ.എം. രാധാകൃഷ്‌ണനുമാണ്‌. ഇവര്‍ മൂന്നു പേരും മാറിയാല്‍മാത്രമേ പുറമേനിന്ന്‌ ഒരാളെ മത്സരിപ്പിക്കൂ. അങ്ങനെ വന്നാല്‍ ഒരു പൊതു സ്‌ഥാനാര്‍ഥിയെ കണ്ടെത്താനാണ്‌ സി.പി.എം. തീരുമാനം.

ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ രംഗത്തിറക്കുന്നതിനു ചര്‍ച്ചകള്‍ സംസ്‌ഥാനതലത്തില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ബി.ജെ.പി. പ്രാദേശിക ഘടകങ്ങള്‍ക്ക്‌ വലിയ താല്‍പര്യമില്ല. മാത്രമല്ല എ.കെ. ആന്റണിയുടെ എതിര്‍പ്പിനെ മറികടന്ന്‌ അനില്‍ ആന്റണി പുതുപ്പള്ളിയില്‍ മത്സരിക്കുമെന്ന്‌ ബി.ജെ.പി. നേതൃത്വം കരുതുന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക