ഒരാള്‍ തന്‍റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് വഴി മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്ബോള്‍ ഉത്തരവാദിത്ത ബോധത്തോടെ വേണമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. കിഷോര്‍ ലാന്‍ഡ്ക്കര്‍(27) എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി നിരീക്ഷണം. ഒരു മതവിഭാഗത്തിനെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് തനിക്കെതിരേ എടുത്ത കേസ് റദ്ദാക്കാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റീസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്‌എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ മാസം 12ന് ഹര്‍ജി തള്ളിയത്.
“വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് നിങ്ങള്‍ ചെയ്യുന്നതിന്‍റെയോ ചിന്തിക്കുന്നതിന്‍റെയോ കണ്ടതിന്‍റെയോ ചിത്രമോ വീഡിയോയോ ആകാം, അത് 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. ഒരു വ്യക്തിയുടെ കോണ്‍ടാക്റ്റുകളിലേക്ക് എന്തെങ്കിലും എത്തിക്കുക എന്നതാണ് വാട്‌സ് ആപ്പ് സ്റ്റാറ്റസിന്‍റെ ഉദ്ദേശ്യം. മറ്റുള്ളവരോട് എന്തെങ്കിലും ആശയവിനിമയം നടത്തുമ്ബോള്‍ ഒരാള്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറണം’- കോടതി ഓര്‍മിപ്പിച്ചു.
-->

കേസിനാസ്‌പദമായ സംഭവം: ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കിഷോര്‍ ലാന്‍ഡ്‌ക്കറിനെതിരെയുണ്ടായ കേസിനാസ്‌പദമായ സംഭവം. കിഷോര്‍ തന്‍റെ വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്‌ത സ്റ്റാറ്റസാണ് കേസിന് കാരണമായത്. ഒരു പ്രത്യേക ജനവിഭാഗത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം സ്റ്റാറ്റസ് ഇടുകയും അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൂഗിളിള്‍ സെര്‍ച്ച് ചെയ്യാന്‍ നിര്‍ദേശിക്കുന്നതുമായിരുന്നു സ്റ്റാറ്റസ്. സ്റ്റാറ്റസിലെ നിര്‍ദേശ പ്രകാരം ഗൂഗിളില്‍ സര്‍ച്ച് ചെയ്‌തപ്പോഴാണ് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ആക്ഷേപകരമായ വിവരങ്ങളാണ് ലഭ്യമായത്. ഇതാണ് കിഷോര്‍ ലാന്‍ഡ്ക്കറിനെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം.
കോടതിയില്‍ വാദിച്ച് കിഷോര്‍ ലാന്‍ഡ്‌ക്കര്‍: കേസ് പരിഗണിച്ച കോടതിയോട് താന്‍ മാനപൂര്‍വ്വം സ്റ്റാറ്റസ് പോസ്റ്റ് ചെയ്‌തതല്ലെന്ന് കിഷോര്‍ പറഞ്ഞു. സാധാരണ പോസ്റ്റ് ചെയ്യുന്ന തരത്തില്‍ സ്റ്റാറ്റസ് ഇട്ടതാണെന്നും ആരെയും വേദനിപ്പിക്കണമെന്ന് സ്റ്റാറ്റസിലൂടെ താന്‍ ഉദേശിച്ചിട്ടില്ലെന്നും കിഷോര്‍ പറഞ്ഞു. തന്‍റെ കോണ്‍ടാക്‌റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമെ താന്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസുകള്‍ കാണാനാകൂവെന്നും കിഷോര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രതി അപ്‌ലോഡ് ചെയ്‌ത സ്റ്റാറ്റസിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട സ്റ്റാറ്റസിന് പിന്നില്‍ കുറ്റാരോപിതന്‍റെ ബോധപൂര്‍വമുള്ള ഉദേശം വ്യക്തമാകുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല വാട്‌സ് ആപ്പിന് പരിമിതമായ വായനക്കാരാണെന്ന് പറഞ്ഞത് കൊണ്ട് കിഷോറിന് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക