വേദിയില്‍ ഗായകൻ ‘പാലാ പള്ളി തിരുപ്പള്ളി…’എന്ന ഹിറ്റ് ഗാനം പാടിയപ്പോള്‍ സദസ്യര്‍ക്കൊപ്പം ചുവടുവെച്ച്‌ മന്ത്രി ഡോ.ആര്‍. ബിന്ദുവും. സംസ്ഥാനത്താദ്യമായി ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉള്‍പ്പെടുത്തി എലിക്കുളം പഞ്ചായത്ത് രൂപവത്ക്കരിച്ച ഗാനമേളട്രൂപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇത്. ഉദ്ഘാടനത്തിനുശേഷം മന്ത്രി സദസ്സിലിരുന്ന് ഗാനമേള ആസ്വദിക്കുകയായിരുന്നു.

ഗായകൻ എം.ജി. മുരളീദാസ്, പാലാ പള്ളി…എന്ന പാട്ടുതുടങ്ങിയപ്പോള്‍ സദസ്സിലെ വയോധികരില്‍ ചിലര്‍ നൃത്തം തുടങ്ങി. പാമ്ബോലി സെറിനിറ്റി ഹോമിലെ വയോധികരുമായെത്തിയ കന്യാസ്ത്രീകളും അവര്‍ക്കൊപ്പം ചേര്‍ന്നു. ഈ സമയം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, അംഗം മാത്യൂസ് പെരുമനങ്ങാട്ട്, ജില്ലാപഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്കുമാര്‍, ജോസ്മോൻ മുണ്ടയ്ക്കല്‍ എന്നിവര്‍ക്കൊപ്പം കൈകള്‍കൊട്ടി താളം പിടിച്ചുനില്‍ക്കുകയായിരുന്നു മന്ത്രി ബിന്ദു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ കന്യാസ്ത്രീകളിലൊരാള്‍ മന്ത്രിയുടെ കൈപിടിച്ച്‌ ചുവടുവെച്ചു. പിന്നെ മന്ത്രിയും അവര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ സദസ്സിലുള്ള മിക്കവരും അവര്‍ക്കൊപ്പം കൂടി. പാട്ട് തീരുന്നതുവരെ മന്ത്രി കന്യാസ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ചു. കഥകളി കലാകാരികൂടിയാണ് മന്ത്രി ബിന്ദു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക