മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടും.

സുധാകരനെ ചോദ്യം ചെയ്യും മുമ്ബ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയില്‍ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരില്‍ നിന്ന് മോൻസൻ മാവുങ്കല്‍ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവര്‍ മോൻസൻ മാവുങ്കലിന് നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണം നല്‍കുമ്ബോള്‍ മോൻസനൊപ്പം കെ സുധാകരൻ ഉണ്ടായിരുന്നെന്നാണ് പരാതി. മോൻസൻ മാവുങ്കല്‍, കെ സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയതായി മോൻസന്റെ ജീവനക്കാരും മൊഴി നല്‍കിയിരുന്നു. കേസില്‍ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരൻ മുൻകൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കെ സുധാകരൻ രണ്ടാംപ്രതിയാണ്. കെ സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50000 രൂപയുടെ ബോണ്ടിന്റെ മേലില്‍ ജാമ്യത്തില്‍ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച്‌ കൊണ്ട് കോടതി പറഞ്ഞത്.

2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് വര്‍ഷത്തിനിപ്പുറം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കോടതിയിലും ഈ വാദം അദ്ദേഹം ആവര്‍ത്തിച്ചു. മോൻസനെ ക്രൈംബ്രാഞ്ച് സംഘം ഭീഷണിപ്പെടുത്തുന്നു, അന്വേഷണത്തോട് സഹകരിക്കാമെന്നും സുധാകരൻ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക