മുൻനിര സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അ‌വസാനിപ്പിക്കാൻ ഉത്തരവിടുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി കര്‍ണ്ണാടക ഹൈക്കോടതി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സൗദി അ‌റേബ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യൻ പൗരന്റെ കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലീസിന്റെ അ‌ന്വേഷണത്തോട് ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല.ഇക്കാര്യം അ‌ന്വേഷണസംഘം ചൂണ്ടിക്കാട്ടിയതോടെ ആണ് വേണ്ടിവന്നാല്‍ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനം ഇന്ത്യയിലാകെ അ‌വസാനിപ്പിക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

മംഗലാപുരത്തിനടുത്തുള്ള ബികര്‍ണക്കാട്ടെ സ്വദേശിനി കവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയതെന്ന് വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “ഒരാഴ്ചയ്ക്കകം ആവശ്യമായ വിവരങ്ങളടങ്ങിയ പൂര്‍ണ്ണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം,” എന്ന് ബെഞ്ച് ഫെയ്സ്ബുക്കിനോട് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന പോലീസിനും കോടതി നോട്ടീസ് അ‌യച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യൻ പൗരനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.മംഗളൂരു പോലീസും കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് വാദം കേള്‍ക്കുന്നത് ജൂണ്‍ 22 ലേക്ക് മാറ്റിവച്ചു. 25 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നയാളാണ് തന്റെ ഭര്‍ത്താവ് ശൈലേഷ് കുമാര്‍ (52) എന്ന് കവിത ഹര്‍ജിയില്‍ പറയുന്നു. താനും കുട്ടികളും നാട്ടിലാണ് താമസം. ”2019-ല്‍ പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആര്‍സി) പിന്തുണച്ച്‌ ശൈലേഷ് കുമാര്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ, അജ്ഞാതര്‍ അ‌ദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുകയും അ‌തുപയോഗിച്ച്‌ സൗദി അ‌റേബ്യയുടെ രാജാവിനും ഇസ്ലാം മതത്തിനും എതിരേ ആക്ഷേപകരമായ പോസ്റ്റുകള്‍ ഇടുകയും ചെയ്തു.”

സംഭവം അ‌റിഞ്ഞ് ശൈലേഷ് കുമാര്‍ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കവിത മംഗളുരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അ‌ദ്ദേഹത്തെ സൗദി പോലീസ് അ‌റസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാര്‍ത്തയാണ് അ‌റിഞ്ഞത് എന്നാണ് കവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.അന്വേഷണം ഏറ്റെടുത്ത മംഗളൂരു പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് കത്തെഴുതുകയും വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ ഈ അ‌ന്വേഷണത്തോട് പ്രതികരിക്കാൻ ഫെയ്സ്ബുക്ക് തയാറായില്ല.

പിന്നീട് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് 2021ല്‍ ഹര്‍ജിക്കാരി കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ഭര്‍ത്താവിനെ മോചിപ്പിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും കവിത അ‌പേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ യാതൊരു നടപടികളും ഉണ്ടായില്ല. ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ ഇടപെടലോടെ സംഭവത്തില്‍ അ‌ന്വേഷണം ഉണ്ടാകുമെന്നാണ് കവിത പ്രതീക്ഷിക്കുന്നത്.

അ‌ടുത്ത 22 ന് കോടതി ഈ കേസ് പരിഗണിക്കുമ്ബോഴേക്ക് ആവശ്യമായ വിവരങ്ങള്‍ ഫെയ്സ്ബുക്ക് നല്‍കുമോ എന്നാണ് ഇനി അ‌റിയേണ്ടത്.അ‌തേസമയം, കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇത്തരമൊരു അ‌സാധാരണ മുന്നറിയിപ്പ് പുറത്ത് വന്നത് ഫെയ്സ്ബുക്ക് ഉപയോക്താക്കളെയും അ‌ല്‍പ്പം അ‌മ്ബരപ്പിച്ചിരിക്കുകയാണ്. ഒരു കേസിന്റെ പേരില്‍ രാജ്യമാകെ ഫെയ്സ്ബുക്ക് നിരോധിക്കാനുള്ള അ‌ധികാരം ഒരു സംസ്ഥാന ഹൈക്കോടതിക്ക് ഉണ്ടോ എന്ന സംശയമാണ് പല ഫെയ്സ്ബുക്ക് ഉപയോക്താക്കളും ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക