ഈജിപ്തിലെ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ഹുര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച്‌ ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുമ്ബോള്‍ യുവാവ് പിതാവിനായി നിലവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. വ്‌ളാഡിമിര്‍ പോപോവ് എന്ന യുവാവിനെയാണ് വ്യാഴാഴ്ച നീന്താൻ പോയപ്പോള്‍ കടുവ സ്രാവ് ഭക്ഷിച്ചത്.

കരയില്‍ നിന്നിരുന്ന വ്‌ളാഡിമിറിന്‍റെ പിതാവ് ഈ ദാരുണ ദൃശ്യത്തിന് സാക്ഷിയാവുകയായിരുന്നു. രക്തം കലര്‍ന്ന് വെള്ളം ചുവപ്പായി മാറുമ്ബോള്‍ വ്‌ളാഡിമിര്‍ ‘പപ്പാ’ എന്ന് അലറുന്നതും കേള്‍ക്കാം. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ വളരെ വേഗത്തില്‍ തന്നെ ഇടപെടാൻ ശ്രമിച്ചു. സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ ചിലരും രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സ്രാവിനെ പിടികൂടിയതായി ഈജിപ്തിലെ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ടൈഗര്‍ സ്രാവിനെ അന്വേഷണത്തിനായി ലബോറട്ടറിയില്‍ പരിശോധിക്കുമെന്നും അറിയിച്ചു. ഈജിപ്തിന്റെ കിഴക്കൻ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരമാണ് ഹുര്‍ഗദ. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. ചെങ്കടലിന്റെ ബീച്ചുകളില്‍ പോകുന്നവര്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷ ഏര്‍പ്പെടുത്താനും സ്രാവ് ആക്രമണം ആവര്‍ത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

അപകടത്തെ തുടര്‍ന്ന് തീരങ്ങളില്‍ നീന്തുന്നതിന് രണ്ട് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി. 2022-ല്‍ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. 2020-ല്‍ സ്രാവ് ആക്രമണത്തില്‍ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂര്‍ ഗൈഡിന് കാലും നഷ്ടപ്പെട്ടു. 2018-ല്‍ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക