രണ്ട് ബാങ്കുകളില്‍ നിന്നുള്ള രണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടാർഗറ്റ് തികയ്ക്കാത്തതിന് ജൂനിയർ ജീവനക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് പുറത്തുവന്നത്. കുടുംബത്തിന്‍റെ കാര്യങ്ങള്‍ മാറ്റിവെച്ച്‌ അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് സമ്മർദം ചെലുത്തി.

തൊഴിലിടത്തിലെ ധാർമികത, തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചയ്ക്ക് വീഡിയോ തുടക്കമിട്ടു. ഒടുവില്‍ ബാങ്കുകള്‍ വിശദീകരണവുമായി രംഗത്തെത്തി.ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും വീഡിയോ കോണ്‍ഫറൻസ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജോലിയേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുൻഗണന നല്‍കിയെന്ന് പറഞ്ഞാണ് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വയിൻ ജീവനക്കാരെ ശകാരിച്ചത്. നിശ്ചിത സമയത്തിലും കൂടുതല്‍ ജോലി ചെയ്യാനും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ മറക്കാനുമാണ് ഓഫീസർ ആവശ്യപ്പെട്ടത്. അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്ന് ആക്രോശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ തന്‍റെ കുടുംബത്തെ കാര്യമാക്കുന്നില്ലെന്നും ഓഫീസർ പറഞ്ഞു. കാനറ ബാങ്കിനെ കുറിച്ചാണ് തന്‍റെ ചിന്തയെന്നും ഓഫീസർ പറഞ്ഞു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ജോലി പൂർത്തിയാകുന്നില്ലെങ്കില്‍ അവധി ദിവസങ്ങളിലും ജോലി ചെയ്യണം. അനുസരിക്കാൻ തയ്യാറല്ലെങ്കില്‍ കാര്യങ്ങള്‍ മാറുമെന്നും ഓഫീസർ പറഞ്ഞു.

‘ഒത്തൊരുമിച്ചാല്‍ നമുക്ക് കഴിയും’ എന്നാണ് കാനറ ബാങ്കിന്‍റെ ടാഗ് ലൈൻ. എന്നിട്ട് കുടുംബത്തെ പരിപാലിക്കരുതെന്ന് പറയുന്നു. നമ്മള്‍ എല്ലാവരും ജോലി ചെയ്യുന്നത് കുടുംബത്തിന് വേണ്ടിയാണ്, അല്ലാതെ നമുക്കുവേണ്ടിയല്ല എന്ന കുറിപ്പോടെ ഗരീബ് ബാങ്കർ എന്ന അക്കൌണ്ടിലാണ് വീഡിയോ വന്നത്. പിന്നാലെ പ്രതികരണവുമായി ബാങ്ക് രംഗത്തെത്തി. കാനറ ബാങ്ക്, ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സംഭാവനകളെ എപ്പോഴും വിലമതിക്കുന്നു എന്നാണ് ബാങ്കിന്‍റെ പ്രതികരണം. ഏതെങ്കിലുമൊരു ജീവനക്കാരന്‍റെ ഇത്തരത്തിലുള്ള പെരുമാറ്റവും വ്യക്തിപരമായ അഭിപ്രായവും ബാങ്ക് അംഗീകരിക്കുന്നില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ബാങ്ക് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.

പുറത്തുവന്ന മറ്റൊരു വീഡിയോ ബന്ധൻ ബാങ്ക് ഉദ്യോഗസ്ഥനായ കുനാല്‍ ഭരദ്വാജിന്‍റേതാണ്. മാർച്ചില്‍ നടന്ന സംഭവമാണ് പുറത്തുവന്നത്. ടാർഗറ്റ് കൈവരിക്കാത്ത ജൂനിയർ ജീവനക്കാരനോട് ഓഫീസർ ആക്രോശിച്ചു. ജീവനക്കാരനെ അധിക്ഷേപിച്ച ഓഫീസർ നാണമില്ലേയെന്നാണ് ചോദിച്ചത്. ജീവനക്കാരൻ ക്ഷമ ചോദിച്ച്‌ പ്രകടനം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ ‘നിനക്ക് ലജ്ജയുണ്ടോ, ഇത് മാർച്ച്‌ മാസമാണ്’ എന്നായിരുന്നു ഓഫീസറുടെ മറുപടി. പിന്നാലെ ബന്ധൻ ബാങ്കും പ്രതികരിച്ചു. ബന്ധൻ ബാങ്ക് ഇത്തരം പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുവെന്നും വ്യക്തമാക്കി. ബാങ്കിന്‍റെ നയത്തിന് അനുസൃതമായി ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക