
ബ്രിട്ടീഷ് ടെലികോം, ടെലിവിഷന്‍ ഗ്രൂപ്പ് ബിടി 55,000 ജീവനക്കാരെ പിരിച്ചുവിടും. 2030 ഓടെ തൊഴിലവസരങ്ങള്‍ ഒഴിവാക്കി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് 10,000 ജോലികള്‍ നിര്‍വഹിക്കും. ഇതോടെ 42 ശതമാനം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. യുകെ മൊബൈല്‍ ഫോണ്‍ ഭീമനായ വോഡഫോണ്‍ മൂന്ന് വര്‍ഷത്തിനിടെ 11,000 ജോലികള്‍ അഥവാ പത്തിലൊന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബിടിയുടെ തീരുമാനം.
കരാറുകാര്‍ ഉള്‍പ്പെടെ 1,30,000 ജീവനക്കാരാണ് ബിടിയില്‍ ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് 75,000 മുതല്‍ 90,000 വരെ പേരായി കുറയ്ക്കുമെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. കുതിച്ചുയരുന്ന പണപ്പെരുപ്പം ലോക സമ്ബദ് വ്യവസ്ഥയെ തളര്‍ത്തുന്നതിനാല്‍, ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ ഉള്‍പ്പെടെ, ആഗോള സാങ്കേതിക മേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലാളികളെ ഈ വര്‍ഷം പിരിച്ചുവിട്ടിരുന്നു.
മൂന്ന് വര്‍ഷം മുമ്ബ് ആരംഭിച്ച പദ്ധതി പ്രകാരം ചെലവ് വെട്ടിക്കുറയ്ക്കുന്ന ബി.ടി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ്. ബി.ടി ഗ്രൂപ്പ് വളരെ കുറച്ച് തൊഴിലാളികളെ ആശ്രയിച്ചും കുറഞ്ഞ ചിലവിലൂടെയും കാര്യങ്ങള്‍ നടത്തുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഫിലിപ്പ് ജാന്‍സന്‍ പറഞ്ഞു. കമ്ബനിയുടെ മുഴുവന്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡും 5G നെറ്റ്വര്‍ക്കും പുറത്തിറങ്ങിക്കഴിഞ്ഞാല്‍, അത് നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനും ഇത്രയധികം ജീവനക്കാരുടെ ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് വരെയുള്ള സാമ്ബത്തിക വര്‍ഷത്തില്‍ വരുമാനം 50 ശതമാനം ഉയര്‍ന്ന് 1.9 ബില്യണ്‍ പൗണ്ടായി (2.4 ബില്യണ്‍ ഡോളര്‍) വര്‍ധിച്ചതായും കമ്ബനി വ്യാഴാഴ്ച വെളിപ്പെടുത്തി. എന്നാല്‍ പ്രീ ടാക്‌സ് ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞ് 1.7 ബില്യണ്‍ പൗണ്ടായി. വരുമാനം ഒരു ശതമാനം കുറഞ്ഞ് 20.7 ബില്യണ്‍ പൗണ്ടായി.