ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം നടത്തുന്നത്. മെയ് 12 13 14 തീയതികളിൽ ആയിട്ടാണ് സമ്മേളനം നിശ്ചയിച്ചത്. മെയ് പന്ത്രണ്ടാം തീയതി രക്തസാക്ഷികളുടെ ഛായാചിത്ര ജാഥയും, 13ന് യുവജന റാലിയും പൊതുസമ്മേളനവും, 14ന് പ്രതിനിധി സമ്മേളനവും ആണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ടാം ദിവസം പൊതുസമ്മേളനത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാം ദിവസത്തെ പ്രതിനിധി സമ്മേളനം മരവിപ്പിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

പൊതുസമ്മേളനത്തിനിടെ ചേരിതിരിഞ്ഞ് കയ്യാങ്കളി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രണ്ടാം ദിനമായ ഇന്നലെ (13/05/2023) യുവജന റാലിയും പൊതുസമ്മേളനവും ഉണ്ടായിരുന്നു. ഉജ്ജ്വലമായ യുവജന റാലിക്ക് ശേഷം പൊതുസമ്മേളനത്തിനായി പ്രവർത്തകർ പോലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. യുവജന റാലിക്ക് ഒരുമിച്ച് നിന്നവർ തന്നെയാണ് പൊതുസമ്മേളനത്തിനിടെ തമ്മിൽ തല്ലിയത്. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെ അനുകൂലിക്കുന്നവരും, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ചിന്റു കുര്യനെ അനുകൂലിക്കുന്നവരും തമ്മിലാണ് പൊതുസമ്മേളന നഗരിയിൽ സംഘർഷം ഉണ്ടായത്. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപ്പെട്ട് ജില്ലാ സമ്മേളനത്തിന്റെ മൂന്നാം ദിന പരിപാടികൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്നാം ദിനമായ ഇന്ന് നടക്കേണ്ടിയിരുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെ ആയിരുന്നു. എന്നാൽ സമ്മേളനത്തിനിടയിൽ ഡിസിസി അധ്യക്ഷന് വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മറുവിഭാഗം പറയുന്നത് ആവട്ടെ ഡിസിസി അധ്യക്ഷന് അനുകൂലിക്കുന്നവർ അനാവശ്യ പ്രകോപനം സൃഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും.

ശീത സമരം പൊട്ടിത്തെറിയിലേക്ക്

കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനും തമ്മിൽ നാളുകളായി നടക്കുന്ന ശീതയുദ്ധമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് എത്തിയത്. ഇതിനുമുമ്പ് ഇരുവരും തമ്മിൽ പരസ്യമായ പോർവിളി ഉണ്ടായത് ശശി തരൂർ പങ്കെടുത്ത ഈരാറ്റുപേട്ടയിലെ യുവജന റാലിയെ ചൊല്ലിയാണ്. അന്ന് പരിപാടിയുടെ സംഘാടകനായ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന് എതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ പരസ്യ നിലപാട് എടുത്തിരുന്നു. തരൂർ നടത്തുന്ന വിമത പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് ഡിസിസി പരിപാടിക്കെതിരെ നിലപാടെടുത്തത്.

ഉമ്മൻചാണ്ടിയുടെ അഭാവം: കോട്ടയം ജില്ലയിൽ കോൺഗ്രസിന്റെ അവസാനവാക്ക് പതിറ്റാണ്ടുകളായി ഉമ്മൻ ചാണ്ടിയായിരുന്നു. ഇപ്പോൾ ചേരിതിരിഞ്ഞ് ഇരുവിഭാഗങ്ങളിലായി നിൽക്കുന്ന ഡിസിസി അധ്യക്ഷനും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനും ഉമ്മൻചാണ്ടിയുടെ അതിവിശ്വസ്തർ ആയിരുന്നു. എന്നാൽ ഇപ്പോൾ ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ജില്ലയിലെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ആഭിമുഖ്യം പുലർത്തുമ്പോൾ, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും, മുൻമന്ത്രി കെസി ജോസഫും ചേർന്നാണ് എ ഗ്രൂപ്പിലെ മറുവിഭാഗത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയുടെ ഇടപെടൽ മാത്രമാണ് വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് വഴിയൊരുക്കൂ എന്നാണ് ഭൂരിഭാഗം പ്രവർത്തകരും വിശ്വസിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക