തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസിയുടെ എസി വോൾവോ ബസ്സിൽ ലഹരിക്ക് അടിമപ്പെട്ട യുവാവിന്റെ അതിക്രമം. ചങ്ങനാശേരിയിൽ നിന്ന് ബസ്സിൽ കയറിയ യുവാവാണ് ടിക്കറ്റ് എടുക്കാൻ കൂട്ടാക്കാതെ ബസ് ജീവനക്കാരെയും സഹയാത്രികരെയും അധിക്ഷേപിക്കുകയും, തെറിയഭിഷേകം നടത്തുകയും, അധാർമിക പ്രവർത്തി ചോദ്യം ചെയ്ത യാത്രക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. യുവാവിൻറെ അതിക്രമം അതിരുവിട്ടപ്പോൾ ബസ് ചിങ്ങവനത്തിനും നാട്ടകത്തിനും ഇടയിൽ നിർത്തിയിടുകയും ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

എന്നാൽ വഴിയരികിൽ അക്രമസംഭവം റിപ്പോർട്ട് ചെയ്തു ബസ് നിർത്തിയിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്തിയില്ല എന്നതാണ് നിർഭാഗ്യകരമായ സംഭവം. കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ നിന്ന് കേവലം ഒന്നര കിലോമീറ്റർ അകലെയാണ് ബസ് നിർത്തിയിട്ടത്. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉൾപ്പെടെ പോലീസ് സ്റ്റേഷനിലും പോലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ആരോഗ്യമന്ത്രി വീണ ജോർജിന് സുരക്ഷയൊരുക്കാനായി കുറിച്ചിയിലെ യോഗത്തിലേക്ക് പരമാവധി പോലീസുകാരെയും പോലീസ് വണ്ടികളെയും വിന്യസിച്ചിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്രക്കാർ ഉൾപ്പെടെ ബസ് നിർത്തിയിട്ട് ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് കൺട്രോൾ റൂമിൽ നിന്ന് പോലീസ് വാഹനം എത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. ഇതിനോടകം പലവട്ടം അക്രമാസക്തനായ പ്രതി ബസ് ജീവനക്കാരെയും യാത്രക്കാരെയും പലവട്ടം അസഭ്യവർഷം ചൊരിയുകയും ചോദ്യം ചെയ്ത യാത്രക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ പോലീസ് എത്തുന്നത് വരെ ബസ്സും യാത്രക്കാരും ജീവനക്കാരും പ്രതിയുടെ ബന്ധനാവസ്ഥയിൽ ആയിരുന്നു എന്നു പറയാം.

പോലീസ് സേന മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ പോയാൽ പൊതുജനത്തിന് സംരക്ഷണം ഒരുക്കാൻ ആരുണ്ട്?

ഏതാനും ദിവസം മുമ്പാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നു. സംഭവത്തെക്കുറിച്ച് ദൃശ്യമാധ്യമങ്ങളോട് ഉൾപ്പെടെ വിശദീകരിച്ച ആരോഗ്യ മന്ത്രി പറഞ്ഞത് യുവ വനിതാ ഡോക്ടർക്ക് അനുഭവപരിജ്ഞാനം കുറവായതിനാൽ ഓടി രക്ഷപ്പെടാൻ സാധിച്ചില്ല എന്നാണ്. ഇതേ ആരോഗ്യമന്ത്രിയെ സംരക്ഷിക്കുവാൻ കോട്ടയത്തെ യോഗത്തിലേക്ക് സമീപപ്രദേശത്തെ മുഴുവൻ സ്റ്റേഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും നിയോഗിച്ചതിനാൽ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമായ കെഎസ്ആർടിസിയുടെ എ സി ബസ്സിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ആളുകൾക്ക് സംരക്ഷണം ഒരുക്കുവാൻ പോലീസിന് സാധിച്ചില്ല.

പോലീസ് ഉന്നതരുടെ നിഷേദ്ധാത്മക സമീപനം

ബസ് വഴിയരികിൽ നിർത്തിയിടുകയും ബസ്സ് ജീവനക്കാർ പോലീസിനെ വിളിച്ചു എന്ന് അറിയിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് സന്നാഹങ്ങൾ എത്താത്തതിനെതുടർന്ന് യാത്രക്കാർ സ്വന്തം നിലയിൽ പോലീസിനെ ബന്ധപ്പെടുവാൻ ശ്രമങ്ങൾ നടത്തി. തുടർന്ന് പല യാത്രക്കാരും സ്വന്തം നിലയിൽ ബന്ധങ്ങൾ ഉപയോഗിച്ച് പരമാവധി സമ്മർദ്ദം ചെലുത്തിയപ്പോൾ ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞിട്ടാണ് പോലീസ് സ്ഥലത്തെത്തിയത്. ഇതിനോടകം പല യാത്രികരും യുവാവിന്റെ കൈപ്രയോഗത്തിന് ഇരയായിരുന്നു.

എല്ലാ സീറ്റുകളും നിറഞ്ഞ് യാത്രക്കാർ ഉണ്ടായിട്ടും മൂന്നുപേർ മാത്രമാണ് യുവാവിന്റെ അക്രമങ്ങൾക്കെതിരെ പ്രതികരിക്കുവാനും മുതിർന്നത്. ഇവർ മൂന്നു പേരും യുവാവിൻറെ കൈയുടെ ചൂട് അറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. സംഭവം അറിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവിനെ പോലീസ് വാഹനത്തിൽ കയറ്റിയതിനുശേഷം പരാതിയുള്ളവർ നേരിട്ട് സ്റ്റേഷനിൽ എത്തി എഴുതി കൊടുക്കണം എന്നാണ് പോലീസ് അറിയിച്ചത്. ഇയാൾ മദ്യമല്ല മറ്റെന്തോ ലഹരിയുടെ സ്വാധീനത്തിലാണ് പെരുമാറുന്നതെന്ന് യാത്രികർ അറിയിച്ചിട്ടും പോലീസ് അത് കാര്യമായി എടുത്തില്ല. ഇയാളെ കേരള പോലീസ് ആക്ട് 118 A പ്രകാരമുള്ള കേസിൽ പ്രതിയാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക