മണിപ്പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നത് ഒരുപക്ഷേ കേരളത്തിലെ ബിജെപി നേതാക്കളാവും.രാജ്യത്ത് വിശേഷിച്ചും കേരളത്തില്‍ ക്രൈസ്തവ വോട്ട് ലക്ഷ്യമിട്ട് വലിയ നീക്കങ്ങളാണ് സമീപകാലത്ത് സംഘപരിവാര്‍ നടത്തിയത്. മണിപ്പൂരിലെ സംഘപരിവാര്‍ വേട്ട ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്നുറപ്പ്.41% ക്രൈസ്തവ ജനസംഖ്യയുള്ള മണിപ്പൂരിലെ ബി ജെ പി യുടെ ജയം ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ ബി ജെ പി നേതാക്കള്‍ കളത്തിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് മുന്നിട്ടിറങ്ങി.മോദി ബിഷപ്പുമാരുമായി ദില്ലിയിലും കേരളത്തിലും കൂടിക്കാഴ്ച നടത്തി. സഭാധ്യക്ഷന്മാരെ അധികാര കേന്ദ്രങ്ങളോട് അടുപ്പിച്ച്‌ നിര്‍ത്തി കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ബി ജെ പി പെട്ടിയിലാക്കാനായിരുന്നു സംഘപരിവാര്‍ ശ്രമം.

ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ചും മലയാറ്റൂര്‍ മല ചവിട്ടിയും കേരളത്തിലെ ബി ജെ പി നേതാക്കളും ക്രൈസ്തവ വോട്ടുകള്‍ക്കായി വലവിരിച്ചു.ക്രിസ്ത്യന്‍ വോട്ടിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ അധികാരമെന്ന ബി ജെ പി സ്വപ്നത്തിന്റെ കടയക്കലാണ് മണിപ്പൂര്‍ കലാപം കത്തിവച്ചത്.ബിഷപ്പുമാര്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും കെ സി ബി സി അതിക്രമങ്ങളെ അപലപിച്ച്‌ പ്രസ്താവനയിറക്കി.എന്നാല്‍ മെത്രാന്‍ സമിതിയുടെ പ്രസ്താവനകള്‍ക്കും ബിഷപ്പുമാരുടെ മൗനത്തിനും മുകളിലാണ് കേരളത്തിലെ ക്രൈസ്തവരുടെ പൊതുവികാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ എത്ര മൂടിവച്ചാലും തങ്ങളുടെ സഹോദരങ്ങള്‍ മണിപ്പുരില്‍ ക്രൂരമായി അക്രമിക്കപ്പെടുന്നത് അവര്‍ അറിയുന്നുണ്ട്. ഇതാണ് കേരളത്തിലെ ബി ജെ പി നേതാക്കളെ ഇന്ന് അലട്ടുന്നത്. മണിപ്പൂരിലെ സംഘപരിവാര്‍ കലാപകാരികള്‍ക്ക് നേരെ ശക്തമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ ഇനിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ബി ജെ പി എങ്ങനെ കേരളത്തിലെ ക്രൈസ്തവരോട് വിശദീകരിക്കും എന്നാണ് അറിയേണ്ടത്.

പരിഹാസ വീഡിയോകൾ:

മണിപ്പൂരിൽ നിന്ന് പുറത്തുവരുന്ന വീഡിയോകൾ നിരവധി പരിഹാസ കമന്റുകളും ചേർത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ക്രൈസ്തവ വിദ്യാലയത്തിലെ വൈദികനെയും സന്യാസിയെയും തടഞ്ഞുവെച്ച് അക്രമകാരികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റ് മണിപ്പൂരിൽ റബ്ബർ വില ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുമായി നടത്തുന്ന ചർച്ച എന്നാണ്. റബർ വില 300 ആക്കിയാൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കുമെന്ന് ബിഷപ്പ് പാമ്പ്ലാനി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് ആണിത്.

തീവ്ര ക്രൈസ്തവ നിലപാടുകൾ ഉള്ള അല്മായ സംഘടനയായ കാസയ്ക്ക് നേരെയും പരിഹാസങ്ങൾ ഉയരുന്നുണ്ട്. മണിപ്പൂരിൽ ക്രൈസ്തവ സമൂഹം ആക്രമിക്കപ്പെടുമ്പോൾ കാസയുടെ കേരള സ്റ്റോറീസ് എന്ന സിനിമയ്ക്ക് പ്രചാരണം നടത്തുകയാണ് എന്ന പരിഹാസമാണ് പ്രധാനമായും ഉയരുന്നത്. നിരവധി സമൂഹമാധ്യമ പ്രൊഫൈലുകൾ ഇത്തരത്തിൽ ഒരു പരിഹാസം പങ്ക് വയ്ക്കുന്നുണ്ട്.

മണിപ്പൂരില്‍ ഒരാഴ്ചക്കിടെ 56 പേരാണ് കൊല്ലപ്പെട്ടത്.നിരവധി വീടുകളും ക്രൈസ്തവ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു.ജീവന്‍ രക്ഷിക്കാനുള്ള ക്രൈസ്തവരുടെ പലായനം അവിടെ ഇപ്പോഴും തുടരുന്നു.സംഘപരിവാറിന്റെ വടക്കേ ഇന്ത്യന്‍ ക്രൈസ്തവ വേട്ട പുതിയതല്ല.അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു എന്നതാണ് മണിപ്പൂര്‍ നല്‍കുന്ന പാഠം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക