ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഇന്ത്യ ആദ്യമായാണ് പ്രഥമസ്ഥാനത്തെത്തുന്നത്.

ജനസംഖ്യാ കണക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്.ആഗോള ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA) ആണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1950 മുതലാണ് ഐക്യരാഷ്ട്രസഭ ആഗോള ജനസംഖ്യാ കണക്കെടുപ്പാരംഭിച്ചത്. ഓരോ ദശാബ്ദം കൂടുമ്ബോള്‍ ജനസംഖ്യാകണക്കെടുപ്പ് നടത്തുന്ന പതിവുണ്ടെങ്കിലും കോവിഡ് വ്യാപനം മൂലം 2021-ല്‍ സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ രാജ്യത്തെ കൃത്യമായ കണക്ക് ഇന്ത്യയുടെ പക്കലില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഎന്‍ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനത്തോളം 0-14 വയസ് വരെ പ്രായമുള്ളവരാണ്. 18 ശതമാനത്തോളം 10-19 വയസ് പ്രായപരിധിയില്‍പ്പെട്ടവരും 26 ശതമാനം 10-24 വയസ് പ്രായപരിധിയില്‍ പെട്ടവരും 68 ശതമാനം 15-64 വയസ് പ്രായപരിധിയില്‍പ്പെട്ടവരും ഏഴ് ശതമാനത്തോളം പേര്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലും പഞ്ചാബിലുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് യുവാക്കള്‍ കൂടുതലുള്ളത്.വിവിധ ഏജന്‍സികള്‍ സംഘടിപ്പിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, അടുത്ത മൂന്ന് ദശാബ്ദകാലയളവില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ്. 165 കോടി വരെ ജനസംഖ്യാവര്‍ധനവ് ഉണ്ടാകാമെങ്കിലും അതിനുശേഷം ജനസംഖ്യ കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

2023 പകുതിയോടെ ആഗോളജനസംഖ്യ 804.5 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത ദശാബ്ദങ്ങളില്‍ മറ്റു രാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ യൂറോപ്-ഏഷ്യന്‍ രാജ്യങ്ങളില്‍ ജനസംഖ്യാവര്‍ധനവിന് സാധ്യതയുണ്ടെന്നും യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇന്ത്യയിലെ 142 കോടി എന്ന ജനസംഖ്യയെ വികസനത്തിനുള്ള 142 കോടി അവസരങ്ങളായി നോക്കിക്കാണണമെന്ന് യുഎന്‍എഫ്പിഎയിലെ ഇന്ത്യന്‍ പ്രതിനിധിയായ ആന്‍ഡ്രിയ വോയ്നര്‍ അഭിപ്രായപ്പെടുന്നു. ജനസംഖ്യയുടെ 25.4 കോടിയോളം യുവാക്കളാണ് (15-24 പ്രായപരിധിയില്‍ പ്പെടുന്നവര്‍). അതിനാല്‍ത്തന്നെ രാജ്യത്തിന്റെ വികസനത്തിന് ഇതൊരു മുതല്‍ക്കൂട്ടാണെന്ന് വോയ്നര്‍ പറയുന്നു. സ്ത്രീകളേയും പെണ്‍കുട്ടികളേയും കൂടുതല്‍ ശാക്തീകരിക്കുന്നതിലൂടെ വികസനത്തിന്റെ ആക്കം വര്‍ധിപ്പിക്കാമെന്നും വോയ്നര്‍ കൂട്ടിച്ചേര്‍ക്കുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കാമെന്നാണ് വോയ്നര്‍ പറയുന്നത്.

ജനനനിരക്കില്‍ കുറവ് വന്നതോടെയാണ് ജനസംഖ്യയില്‍ ചൈന ഇന്ത്യയുടെ പിന്നിലായത്. കൂടാതെ രാജ്യത്തിന്റെ പലയിടങ്ങളിലും തൊഴില്‍ശക്തിയില്‍ കുറവുവരികയും ചെയ്തിട്ടുണ്ട്. ജനസംഖ്യയുടെ മുഖ്യപങ്കും പ്രായമേറിയവരാണ്. അതിനാല്‍ത്തന്നെ ജോലിചെയ്യുന്ന വിഭാഗം ശുഷ്കമായിത്തീര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ പലഭാഗങ്ങളിലും ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്.

ജനസംഖ്യയുടെ അളവിലല്ല മികവിലാണ് കാര്യമെന്നാണ് ചൈനയുടെ പ്രതികരണം. മികവുറ്റ ജനങ്ങളാണ് ഒരു രാജ്യത്തിനാവശ്യമെന്നും ചൈനയിലെ ആകെ ജനസംഖ്യയില്‍ 90 കോടിയോളം ശരാശരി 10.5 കൊല്ലം വിദ്യാഭ്യാസമ്ബന്നതയുള്ള തൊഴില്‍ശക്തിയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു. കൂടുതല്‍ സാമ്ബത്തിക വികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. യുഎസിന് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ സാമ്ബത്തികശക്തിയാണ് ചൈന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക