പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുകയാണ്. കേരളത്തിൻറെ മുന്നണി രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഏറ്റവും നിർണ്ണായകമായ ഒരു ചൂണ്ടുപലകയായി ഈ തവണ തിരഞ്ഞെടുപ്പ് മാറുമെന്ന് ഉറപ്പാണ്. ബിജെപി അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ, യുഡിഎഫ് തങ്ങളുടെ 19 സീറ്റ് എന്ന നേട്ടത്തിനോട് പരമാവധി അടുത്ത് നിൽക്കാനും, എൽഡിഎഫ് ചുരുങ്ങിയത് 8 സീറ്റ് എങ്കിലും നേടാനും ആണ് പരിശ്രമിക്കുന്നത്.

ബിജെപിയിലും, എൽഡിഎഫിലും നീക്കങ്ങൾ തകൃതിയാണെങ്കിലും യുഡിഎഫ് ക്യാമ്പ് ഇപ്പോഴും തണുപ്പിൽ തന്നെയാണ്. ജോസ് കെ മാണി മുന്നണി വിട്ടതോടെ കോട്ടയം സീറ്റിനെ ചൊല്ലി മാത്രമേ യുഡിഎഫ് പാളയത്തിൽ തർക്കം ഉയരാൻ സാധ്യതയുള്ളൂ. പിജെ ജോസഫ് പക്ഷം ഒരു സീറ്റ് ആവശ്യപ്പെടുകയും മുന്നണിയുടെ കെട്ടുറപ്പ് നിലനിർത്താൻ അവർക്ക് അത് വിട്ടുകൊടുക്കേണ്ടി വരികയും ചെയ്താൽ കോട്ടയം ഒരു സുരക്ഷിത സാധ്യതയായി ജോസഫ് ഗ്രൂപ്പിന് നൽകാൻ കഴിയില്ല. പി ജെ ജോസഫ് വിഭാഗത്തിൽനിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയിച്ചു കയറാൻ പര്യാപ്തനായ ഒരു നേതാവ് കോട്ടയം സീറ്റിൽ പരിഗണിക്കാനില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിന് ഒരു അപവാദമായി കണക്കാക്കാവുന്നത് മോൻസ് ജോസഫിനെ ആണെങ്കിലും അദ്ദേഹം കടുത്തുരുത്തി വിട്ട് മാറാനും തയ്യാറല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാഹചര്യത്തിലാണ് കോട്ടയം സീറ്റ് ഇടുക്കിയുമായി വെച്ചു മാറാനുള്ള ആലോചനകൾ നടക്കുന്നത്. ഇടുക്കിയിൽ പിജെ ജോസഫിന് വേണ്ടി ഫ്രാൻസിസ് ജോർജ് രംഗത്തിറങ്ങിയാൽ വിജയം ഉറപ്പാക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ. അങ്ങനെ വരുമ്പോൾ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ ഡീൻ കുര്യാക്കോസ് കോൺഗ്രസിന് വേണ്ടി കോട്ടയത്ത് കളത്തിൽ ഇറങ്ങേണ്ടി വരും. ബിജെപിയുമായി അടുക്കുന്നു എന്ന് സംശയിക്കപ്പെടുന്ന ക്രൈസ്തവ വിഭാഗത്തെ കൂടെ നിർത്താനും, കോട്ടയത്ത് കോൺഗ്രസിന് വേണ്ടി ഒരു യുവ മുഖത്തെ അവതരിപ്പിക്കാനും സാധിച്ചാൽ അത് പാർട്ടിക്ക് നേട്ടമാകും എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും വിലയിരുത്തുന്നു.

കോട്ടയത്തെ ഗ്രൂപ്പ് സമവാക്യങ്ങളും ഇതിന് അനുകൂലമാണ്. എന്നും ഉമ്മൻചാണ്ടിയോട് ഒപ്പം ഉറച്ചു നിന്നിട്ടുള്ള നേതാവാണ് ഡീൻ. അതുകൊണ്ടുതന്നെ എ ഗ്രൂപ്പിലെ പ്രമുഖർക്ക് ഡീനിനെതിരെ നീങ്ങാൻ സാധിക്കില്ല. എന്നാൽ ഈ സാധ്യതയോട് ഡീൻ കുര്യാക്കോസ് എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. ഇടുക്കിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മികച്ച എംപിയാണ്, ഇടുക്കി അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു സുരക്ഷിത മണ്ഡലവും ആണ്.

എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് കോട്ടയം നിലനിർത്തേണ്ടത് ഒരു അഭിമാന വിഷയമാണ്. ജോസഫ് ഗ്രൂപ്പിന് ടിക്കറ്റ് അനുവദിച്ച് യുഡിഎഫിന് കോട്ടയം നഷ്ടപ്പെട്ടാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പോലും ഒരു കീറാമുട്ടി ആകും. ഈ സാഹചര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ സാക്ഷാൽ ജോസ് കെ മാണി മത്സരിച്ചാൽ പോലും പരാജയപ്പെടുത്താൻ പര്യാപ്തനായ ഒരു സ്ഥാനാർത്ഥിയെയാണ് കോട്ടയത്ത് ആവശ്യം. നിലവിലെ സാഹചര്യത്തിൽ ഇതിന് ഏറ്റവും ഉതകുന്ന ഒരു സാധ്യത ഡീൻ കുര്യാക്കോസ് തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക