മഹാരാഷ്ട്രയില്‍ സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചു. ഞായറാഴ്ച നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ തുറസ്സായ സ്ഥലത്ത് ഇരുന്ന 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാണ് അറിയിച്ചത്. അമ്ബതിലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും അറിയിച്ചു. അതേസമയം അറുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹിക പ്രവര്‍ത്തകന്‍ അപ്പാസാഹെബ് ധര്‍മാധികാരിക്ക് സമ്മാനിച്ചു. നവി മുംബൈയില്‍ നടന്ന പരിപാടിയില്‍ പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അപകടത്തിന് പിന്നാലെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. ആസുത്രണമില്ലായ്മയാണ് അപകടത്തിന് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷിന്‍ഡെയും ഫഡ്‌നാവിസും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. നവി മുംബൈയിലെ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ അപ്പാസാഹെബ് ധര്‍മാധികാരിയുടെ ആയിരക്കണക്കിന് വരുന്ന അനുയായികളായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാവിലെ 11.30ന് ആരംഭിച്ച അവാര്‍ഡ്ദാന ചടങ്ങ് ഉച്ചയ്ക്ക് രണ്ട്മണിവരെ നീണ്ടു.

വേദിയോട് ചേര്‍ന്ന കുറച്ച് സ്ഥലത്ത് മാത്രമായിരുന്നു പന്തല്‍ ഉണ്ടായിരുന്നത്. ബാക്കിവരുന്ന വലിയൊരു ഭാഗത്ത് തുറന്ന സ്ഥലത്ത് നിന്നായിരുന്നു ആളുകള്‍ പരിപാടികള്‍ കണ്ടിരുന്നു. രാവിലെ എട്ട് മണിയോടെ തന്നെ ആളുകളെ വേദിയിലേക്ക് പ്രവേശിപ്പിച്ച്‌ തുടങ്ങി. മെഡിക്കല്‍ സൌകര്യം ഉള്‍പ്പടെ വേദിക്ക് അരികില്‍ സഞ്ജീകരിച്ചിരുന്നെങ്കിലും നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റതോടെ ഇതൊന്നും ഫലപ്രദമായില്ല. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക