രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ചെറുത്ത് സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമായ ജനകീയ അടിത്തറ വിപുലപ്പെടുത്തുകയായിരുന്നു എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം . എന്നാല്‍ ജാഥയില്‍ നിന്നും പൂര്‍ണ്ണമായി പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലും മാറ്റിയതിന് പിന്നില്‍ പിണറായി എന്ന മുഖ്യമന്ത്രി ജനങ്ങളിൽനിന്ന് എത്രമാത്രം അകന്നു മാറിയെന്ന് ചുരുങ്ങിയപക്ഷം എം വി ഗോവിന്ദൻ എന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എങ്കിലും തിരിച്ചറിഞ്ഞതിന് തെളിവാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ പുതുചരിത്രം രചിച്ചുകൊണ്ട് തുടർ വിജയം നേടിയ ക്യാപ്റ്റന്റെ തിളക്കം പിണറായിക്ക് ഇപ്പോൾ ഉണ്ടെന്ന് കടുത്ത ആരാധകർ പോലും അവകാശപ്പെടുന്നില്ല.

ജനകീയ പ്രതിരാധ ജാഥ സമാപിക്കുമ്ബോള്‍ ഇടത് സൈദ്ധാന്തികനായ ജി. ശക്തിധരന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ച്‌ തികഞ്ഞ വിലയിരുത്തലായി മാറുകയാണ്.അദ്ദേഹം ഇങ്ങനെ കുറിക്കുന്ന ചില വരികളിങ്ങനെയാണ്. ഈ ജാഥയുടെ അനുഭവങ്ങള്‍ എം വി ഗോവിന്ദന്‍ ഭാവി പ്രവര്‍ത്തനത്തില്‍ സത്യസന്ധമായി പ്രയോഗിച്ചാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദൗര്‍ബല്യങ്ങള്‍ ചെറിയ പരിധിവരെ പരിഹരിച്ചു മുന്നോട്ടു പോകാന്‍ കഴിഞ്ഞേക്കും. പാര്‍ട്ടിയുടെ വിസ്തൃതമായ ഭൂപടം ഈ ജാഥയ്ക്ക് ശേഷം ഗോവിന്ദന് മുന്നില്‍ നിവര്‍ന്നു കിടക്കുകയാണ് . അതില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടാകും. .കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ` സര്‍വ്വസൈന്യാധിപന്‍ ആകാനുള്ള കരുത്തു ആര്‍ജ്ജിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാം പിണറായി മന്ത്രിസഭയുടെ വരവിനുശേഷം പുതിയ സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ എത്തിയ പാര്‍ട്ടിയുടെ അവസ്ഥ ജീര്‍ണ്ണിച്ച്‌ ചീഞ്ഞളിഞ്ഞ ഘട്ടത്തിലെത്തിയിരുന്നുയെന്നതും മറക്കാനാകില്ല.ജനകീയ പ്രതിരോധ ജാഥ കൊണ്ട് പാര്‍ട്ടിയന്ത്രം സടകുടഞ്ഞു എണീറ്റ് കഴിഞ്ഞു എന്ന് ആരും കരുതുന്നുണ്ടാകില്ല. അടിത്തട്ടില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുന്ന അവസ്ഥ എങ്ങുമുണ്ടായില്ല എന്നുമാത്രമല്ല പല കേന്ദ്രങ്ങളിലും സദസ്സ് ശുഷ്‌ക്കമായിരുന്നു. എം വി ഗോവിന്ദന്‍, പിണറായി വിജയനെയോ കോടിയേരി ബാലകൃഷ്ണനെയോ പോലെ കരുത്തന്‍ അല്ലാത്തതും തുടക്കക്കാരന്‍ മാത്രമായതും ഒരു പരിമിതി തന്നെയായാകും.

ഏറ്റവും പരിതാപകരമായത് ജനകീയ പ്രതിരോധ ജാഥയുടെ കുന്തമുന ക്ലൈമാക്‌സില്‍ ഇടിത്തീപോലെ സ്വര്‍ണ്ണക്കടത്തുകാരി നിഷ്പ്രയാസം റാഞ്ചിക്കൊണ്ടുപോയി എന്നതാണ്. കുന്തമുന വിസ്മൃതിയിലായി. ലോകമാകെ നരേന്ദ്ര മോദി വിചാരണ ചെയ്യപ്പെടുമ്ബോള്‍ കേരളത്തില്‍ അതിനുവേണ്ടി മാത്രം സിപിഎം ഏറെ അദ്ധ്വാനിച്ചു നിര്‍മിച്ച പ്രതിക്കൂട് ഒഴിഞ്ഞുകിടന്നു എന്നത് ജനകീയ പ്രതിരോധ ജാഥയുടെ ഏറ്റവും വലിയ പരാജയമായിരുന്നു. മോദിക്ക് പകരം സ്വര്‍ണ്ണക്കടത്തുകാരി സ്വപ്ന സുരേഷിനെയാണ് സിപിഎമ്മും പ്രതികൂട്ടില്‍ അവരോധിച്ചത്! 30 കോടിയുടെ ആരുടെയോ ഓഫറുമായി നാടകീയമായി രംഗത്തെത്തിയ സ്വപ്നയെ തളയ്ക്കാന്‍ സിപിഎമ്മിന്റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സ്വപ്നയുടെ താണ്ഡവനൃത്തം കയ്യും കെട്ടി കണ്ടിരിക്കേണ്ടിയും വന്നു.

ഇങ്ങനെ എല്ലാം വളരെ വിശദമായി കേരളത്തിൽ സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ യാഥാർഥ്യം അദ്ദേഹം തുറന്നെഴുതുകയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ സിപിഎമ്മിനെ ഭയന്നാണ് സ്വപ്‌ന കേരളം വിട്ടത്. ഇനി അവരെ കേരളത്തിലേയ്ക്ക് വരുത്താന്‍ കേസുകളുടെ കൂമ്ബാരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സുരക്ഷിതമായി കേരളത്തിലെത്തി മടങ്ങാമെന്ന് സ്വപ്‌നയ്ക്കും അത്ര വിശ്വാസമില്ല. കാരണം അത്രത്തോളം വെല്ലുവിളികളാണ് സ്വപ്‌ന ഉയര്‍ത്തിയിരിക്കുന്നത്. സ്വപ്‌നയുടെ ഓരോ നീക്കവും പിണറായി വിജയനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്നുണ്ട് . കൂടാതെ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളായ ഒരുപറ്റം നേതാക്കളേയും വാരിവലിച്ചിട്ട് അലക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക