കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ കമ്മിറ്റിയായ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഛത്തീസ്ഗഡില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. തിരഞ്ഞെടുപ്പ് വേണമെന്ന് ചില അംഗങ്ങള്‍ ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും പ്രസിഡന്റ് നിര്‍ദേശിച്ചാല്‍ മതിയെന്നുമുള്ള അഭിപ്രായത്തിന് മേല്‍ക്കൈ ലഭിക്കുകയായിരുന്നു.

25 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തക സമിതി. ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്വാഭാവികമായും സമിതിയിലുണ്ടാകും. ബാക്കി 21 അംഗങ്ങളെയാണ് നിര്‍ദേശിക്കുക. വനിത, യുവ, ദളിത്, ന്യൂനപക്ഷ പ്രാതിനിധ്യം സമിതിയില്‍ ഉറപ്പാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എല്ലാവരെയും നിര്‍ദേശിക്കാന്‍ ദേശീയ അധ്യക്ഷനെ ചുമതലപ്പെടുത്തുകയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റിയറിങ് കമ്മിറ്റി യോഗം ഐക്യകണ്‌ഠ്യേന ആയിരുന്നില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. അജയ് മാക്കന്‍, അഭിഷേക് മനു സിങ്വി, ദിഗ്‌വിജയ് സിങ് എന്നിവര്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടു. ഒരു വിഭാഗം തിരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടെടുത്തു. ചര്‍ച്ചയില്‍ സമവായമാകുന്നതിന്, പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്താമെന്ന നിര്‍ദേശം സിങ്വി മുന്നോട്ട് വച്ചു.

അതേസമയം, യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായം ഉയര്‍ന്നില്ല എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചത്. ഖാര്‍ഗെയില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതു വഴി കോണ്‍ഗ്രസും ശക്തിപ്പെടുമെന്നും പാര്‍ട്ടിയുടെ താല്‍പ്പര്യമാണ് വലുത് എന്നും റാവു പറഞ്ഞു.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ സംബന്ധിച്ചില്ല. ഖാര്‍ഗെയ്ക്ക് എല്ലാ അധികാരങ്ങളും നല്‍കി മാറി നില്‍ക്കുകയാണ് അവര്‍. പ്ലീനറി സമ്മേളനത്തില്‍ പ്രധാന ചര്‍ച്ച 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരിക്കും. കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറിലാണ് സോണിയ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഒഴിഞ്ഞതും ഖാര്‍ഗെ അധ്യക്ഷനായതും.

മൂന്ന് ദിവസമാണ് റായ്പൂരിലെ സമ്മേളനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15000ത്തോളം പ്രതിനിധികളാണ് പങ്കൈടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സമ്മേളനം തീരുമാനിക്കും. ഏതൊക്കെ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാം എന്നത് സംബന്ധിച്ചും ധാരണയുണ്ടാക്കും. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ടു തന്നെ പ്രതിപക്ഷ ഐക്യം വേണമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തെ ആര് മുന്നില്‍ നിന്ന് നയിക്കുമെന്ന കാര്യത്തിലാണ് തര്‍ക്കമുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക