ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ഒളിംപ്യന്‍ പിടി ഉഷ എംപി. പ്രസിഡന്റ് ഉള്‍പെടെയുള്ള എക്സിക്യൂടീവ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിടേണിംഗ് ഓഫീസര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരിക്കുന്ന വിവരം സമൂഹ മാധ്യമം വഴി പി ടി ഉഷ പങ്കുവെച്ചത്.

സഹ അത്‌ലറ്റുകളുടെയും നാഷനല്‍ ഫെഡറേഷനുകളുടെയും പരിപൂര്‍ണ പിന്തുണയോടെ ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കുകയാണെന്നാണ് ഉഷ അറിയിച്ചത്. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ 27 വരെ നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പേര് പിന്‍വലിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുപ്രീം കോടതിയുടെയും ഇന്റര്‍നാഷനല്‍ ഒളിംപിക് കമിറ്റിയുടെയും (ഐഒസി) മേല്‍നോട്ടത്തില്‍ രൂപീകരിച്ച കരട് ഭരണഘടന നവംബര്‍ 10ന് ഐഒഎ അംഗീകരിച്ചിരുന്നു. ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) ഭരണഘടന ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച്‌ ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര രംഗത്ത് എത്തിയിരുന്നു. സെപ്റ്റംബറില്‍ ലൊസാനില്‍ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും ആത്മാവ് ഉള്‍ക്കൊണ്ട് ഐഒഎയുടെ ഭരണഘടന ഭേദഗതി ചെയ്ത ജസ്റ്റിസ് നാഗേശ്വര റാവുവിനെ അഭിനന്ദിക്കുന്നുവെന്നും അഭിനവ് ബിന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.

ഐഒസി നിബന്ധനകള്‍ അനുസരിച്ചുള്ള അത്ലറ്റ് കമീഷന്‍ രൂപീകരണം, കായിക താരങ്ങള്‍ക്ക് ഭരണപരമായ ചുമതലകള്‍ വഹിക്കാനുള്ള അവസരമൊരുക്കല്‍, പുതുക്കിയ അംഗത്വ ഘടന, ഉദ്യോഗസ്ഥരെ വ്യക്തമായ ചുമതലകള്‍ ഏല്‍പിക്കല്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രൊഫഷനലൈസ് ചെയ്യാനായി സിഇഒയെ നിയമിക്കുക, തര്‍ക്ക പരിഹാര സംവിധാനം ഏര്‍പെടുത്തല്‍, നേതൃത്വപരമായ പദവികളില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം എന്നിവയെല്ലാം ഇന്‍ഡ്യയിലെ ഒളിംപിക് പ്രസ്ഥാനത്തിന് പുതിയ തുടക്കം നല്‍കുന്ന തീരുമാനങ്ങളാണെന്നും ബിന്ദ്ര പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക