ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കു മത്സരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയും. ഹൈക്കമാൻഡിന്റെ പിന്തുണ ഖർഗെയ്ക്കാണെന്നു സൂചന. മുകുൾ വാസ്നിക്കിനെ മത്സരിപ്പിക്കുന്നതിൽ സമവായമായില്ല. ഇന്ന് ഉച്ചയ്ക്ക് 12ന് ഖർഗെ പത്രിക സമർപ്പിക്കും. ഇതോടെ ശശി തരൂരിനും ദിഗ്‌വിജയ് സിങ്ങിനും പുറമേ മൂന്നാം സ്ഥാനാർഥിയായി ഖർഗെയും അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് അണിചേരും.

പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയിൽനിന്ന് ഇന്നലെ 10 പത്രികകൾ ദിഗ്‌വിജയ് കൈപ്പറ്റിയത്, കൂടുതൽ സ്ഥാനാർഥികൾ രംഗത്തുവന്നേക്കുമെന്ന സൂചന നൽകിയിരുന്നു. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ ഒരു സ്ഥാനാർഥി കൂടി അവസാനനിമിഷം രംഗത്തിറങ്ങാനുള്ള സാധ്യത പ്രവചിച്ചിരുന്നു. മുകുൾ വാസ്നിക്, മല്ലികാർജുൻ ഖർഗെ, മീരാ കുമാർ, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഖർഗെയ്ക്കാണ് സാധ്യത കൂടുതൽ കൽപിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരരംഗത്തുള്ള മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങും ശശി തരൂർ എംപിയും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന്റെ അവസാനദിനമാണ് ഇന്ന്. സ്ഥാനാർത്ഥികളുടെ എണ്ണം കൂടുന്നതോടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ പ്രവചനാതീതമായ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക